കാസർകോട്: പൊലീസുകാരനെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് രണ്ടര വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. ഏരിയാൽ സ്വദേശിയും ഉളിയത്തടുക്ക ബ്ലൂ മൂൺ അപാർട്മെന്റിൽ താമസക്കാരനുമായ ബീരാൻ അജ്മൽ അമാനെ(21)യാണ് കാസർകോട് അസിസ്റ്റന്റ് സെഷൻസ് ജഡ്‌ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം തടവും കൂടി അനുഭവിക്കണം. കോവിഡ് കാലത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 2020 മെയ് 5 നു എസ് പി നഗറിൽ നടന്ന വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസം വരുത്തുകയും, കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയും ഉദ്യോഗസ്ഥനായ സനൂപ് റോഡിൽ തെറിച്ചു വീണതിൽ മർമ്മസ്ഥാനത് കൊണ്ടിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു എന്ന കാര്യത്തിന് വിദ്യാനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. അന്നത്തെ വിദ്യാനഗർ സബ് ഇൻസ്‌പെക്ടർ ആയിരുന്ന യു പി വിപിൻ അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. വേണുഗോപാലൻ, അഡ്വ. അഞ്ജലി എന്നിവർ ഹാജരായി.







