കാസർകോട്: ചെറുവത്തൂർ മർച്ചന്റ്‌സ് അസോസിയേഷൻ ആതിഥ്യമരുളുന്ന ചെറുവത്തൂർ ഫെസ്റ്റ് സീസൺ -8 നാളെ തുടങ്ങും. ഫെസ്റ്റ് ജനകീയോത്സവമാക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയായി. ഫെസ്റ്റിൽ പുഷ്പഫല സസ്യ പ്രദർശനം വിപണനം, ചിൽഡ്രൻസ് പാർക്ക്, അമ്യുസ്മെന്റ് പാർക്ക്, ഫുഡ് കോർട്ടുകൾ, വൈവിദ്ധ്യമാർന്ന കാഴ്ചകൾ, കൗതുക കാഴ്ചകൾ തുടങ്ങിയവ ഉണ്ടാകും. ക്ലായിക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ സ്റ്റാളിൽ നിന്നാണ് ടിക്കറ്റു വില്പന നടത്തുക. മുതിർന്നവർക്ക് 50 രൂപയും എട്ടാം ക്‌ളാസ് മുതലുള്ള കുട്ടികൾക്ക് 30 രൂപയുമാണ് പ്രവേശന ഫീസ്, യു പി തലം വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. എല്ലാ ദിവസവും സാംസ്ക്കാരിക പരിപാടികൾ. പ്രാദേശിക കലാപരിപാടികൾ എന്നിവയുണ്ടാകും. ദിവസവും ഗാനമേള, മെഗാ മ്യൂസിക് നൈറ്റ്, ഇശൽ നൈറ്റ്, വിഷ്വൽ വിൽ കലാമേള, കൈകൊട്ടിക്കളി മത്സരം തുടങ്ങിയവ അരങ്ങേറും. 18 ന് ഫെസ്റ്റിന്റെ ഉദ്‌ഘാടനം എം രാജഗോപാലൻ എം എൽ എ നിർവ്വഹിക്കും. സ്റ്റാൾ കെ വി വി എസ് ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫും കള്ളിയങ്കാട്ട് നീലി ഷോ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീളയും ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടനത്തിന് മുന്നോടിയായി ഘോഷയാത്രയുണ്ടാകുമെന്ന് സംഘാടക സമിതി ചെയർപേഴ്സൺ സി. വി പ്രമീള, പി.പി മുസ്തഫ, സി. രഞ്ജിത്ത്, കെ.സി സതീശൻ, എസ്.എൻ രഞ്ജിത്ത്, പി ടി കരുണാകരൻ, കെ.ശ്രീധരൻ, വി പി ഹരിദാസ്, പി വി അനിൽ, എം കെ ലീലാവതി, സി.പ്രീത എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.







