ന്യൂഡല്‍ഹി: ബുര്‍ഖ ധരിക്കാത്തതിന് ഭാര്യയെയും പെണ്‍മക്കളെയും കൊലപ്പെടുത്തിയശേഷം വീട്ടില്‍ കുഴിച്ചിട്ട സംഭവത്തില്‍ യുവാവിനെ അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ ഷംലിയില്‍ ഡിസംബര്‍ 10 നായിരുന്നു സംഭവം. എന്നാല്‍ കൊലപാതക വിവരം പുറത്തറിഞ്ഞിരുന്നില്ല. ഫാറൂഖ് എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഫാറൂഖിന്റെ ഭാര്യ താഹിറ (35), പെണ്‍മക്കളായ ഷരീന്‍ (14), അഫ്രീന്‍ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയായി മൂന്നുപേരെയും കാണാത്തതില്‍ പ്രദേശവാസികളും ബന്ധുക്കളും അസ്വസ്ഥരായിരുന്നു. തുടര്‍ന്ന് ഗ്രാമത്തലവന്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ച പൊലീസ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഫാറൂഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഫാറൂഖ് കുറ്റം സമ്മതിക്കുകയും മൃതദേഹങ്ങള്‍ വീട്ടില്‍ കുഴിച്ചിട്ടതായി പൊലീസിനെ അറിയിക്കുകയും ചെയ്തു.
പിന്നാലെ സൂപ്രണ്ട് എന്‍ പി സിംഗ് ഉള്‍പ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മൂന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇവ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ഒരു പിസ്റ്റളും വെടിയുണ്ടകളും പ്രതിയില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായി പിണങ്ങിയ ഭാര്യ തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. ബുര്‍ഖ ധരിക്കാതെയാണ് പോയതെന്നും ഇത് തന്നെ അപമാനിക്കാനാണെന്നും ഫാറൂഖ് സംശയിച്ചിരുന്നു. ഒരു മാസത്തിനുശേഷം, ഫാറൂഖ് ഭാര്യയെ അനുനയത്തില്‍ വീട്ടിലേക്ക് കൊണ്ടുവരികയും തുടര്‍ന്ന് ഭാര്യയേയും മക്കളേയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.







