മംഗളൂരു: വയോധികയുടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഡിസംബര്‍ 3 ന് മുക്കമിത്ര പട്ടണയിലെ ജലജ എന്ന വയോധികയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിലാണ് പ്രതികളായ മൂന്ന് പേരെ സൂറത്ത് കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സൂറത്ത്കല്‍ ഗുഡ്ഡെകൊപ്ല ശ്രീരാമ ഭജന മന്ദിറിന് സമീപം താമസിക്കുന്ന ഷൈന്‍ എച്ച് പുത്രന്‍ എന്ന ഷൈന്‍ (21), ബെംഗളൂരിലെ യെലച്ചെനഹള്ളിയിലെ കാശിനഗര്‍ അഞ്ചാം ക്രോസ് നിവാസി കോത്തി വിനോദ് എന്ന വിനോദ് കുമാര്‍ (33), ബെംഗളൂരു ഉദിപാല്യയിലെ ഗിരീഷ് എന്ന സൈക്കിള്‍ ഗിരി (28) എന്നിവരാണ് അറസ്റ്റിലായത്.
വയോധികയുടെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സൂറത്ത് കല്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ രഘു നായികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കണ്ടെത്തിയത്. ഷൈന്‍ എച്ച് പുത്രനെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഉഡുപ്പി കാര്‍ക്കളയിലെ ജേസണ്‍ എന്ന ലെന്‍സണ്‍ എന്നയാളുമായി ചേര്‍ന്ന് കവര്‍ച്ച നടത്തിയതായി സമ്മതിച്ചു, മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ ബെംഗളൂരുവിലെ വിനോദ് കുമാറിന് വിറ്റതായി സമ്മതിച്ചു.
തുടര്‍ന്ന് മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതിയായ കാര്‍ക്കള സ്വദേശിയായ ജേസണ്‍ എന്ന ലെന്‍സണ്‍ ഒളിവിലാണെന്നും അയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഷൈന്‍ എച്ച് പുത്രനെതിരെ സൂറത്ത് കല്‍ പൊലീസ് സ്റ്റേഷനില്‍ കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിനോദ് കുമാറിനെതിരെ ബെംഗളൂരുവിലെ കെഎസ്ആര്‍ ലേഔട്ട് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകം, കൊലപാതകശ്രമം, കവര്‍ച്ച, ക്രിമിനല്‍ ഭീഷണി, കഞ്ചാവ് വില്‍പ്പന, ആയുധ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ബെംഗളൂരുവിലെ കഗ്ഗലിപുര പൊലീസ് സ്റ്റേഷനില്‍ ഗിരീഷ് എന്ന സൈക്കിള്‍ ഗിരിക്കെതിരെയും നിലവില്‍ കേസുണ്ട്. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകശ്രമം, കവര്‍ച്ച, ആക്രമണം എന്നിവയുള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.







