സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം മുംബൈയിലും; ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ സഞ്ചാരിയെ കാറിനകത്തിട്ട് കൊലപ്പെടുത്തി; ഒടുവില്‍ കുടുക്കിയത് കാമുകിക്ക് അയച്ച സന്ദേശങ്ങള്‍

മുംബൈ: സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം മുംബൈയിലും, ഒരുകോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ സഞ്ചാരിയെ കാറിനകത്തിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് കുടുങ്ങി. ഞായറാഴ്ച മഹാരാഷ്ട്രയിലാണ് ‘സുകുമാര കുറുപ്പ് മോഡല്‍’ കൊലപാതകം നടന്നത്. ലാത്തൂരിലെ ഔസ താലൂക്കില്‍ പൂര്‍ണ്ണമായും കത്തിയ കാറില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

അന്വേഷണത്തില്‍ കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ലാത്തൂര്‍ സ്വദേശിയും ബാങ്ക് റിക്കവറി ഏജന്റുമായ ഗണേഷ് ചവാന്റെ കാറാണ് കത്തിയതെന്ന് കണ്ടെത്തുകയും അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു, വീട്ടുകാരെ ബന്ധപ്പെട്ടപ്പോള്‍ അവിടെ എത്തിയില്ലെന്ന വിവരമാണ് ലഭിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച ബ്രേസ് ലറ്റ് ബന്ധുക്കള്‍ ചവാന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതോടെ മരിച്ച ആള്‍ ചവാന്‍ ആണെന്ന് കരുതി പൊലീസ് ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറിയിരുന്നു.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗണേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു എന്ന് ഭാര്യ വെളിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ആ സ്ത്രീയെ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചു. ഇതിനിടയില്‍ ഗണേഷ് മറ്റൊരു നമ്പറില്‍ നിന്ന് സ്ത്രീയുമായി ചാറ്റ് ചെയ്യുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതോടെയാണ് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ മറ്റൊരാളെ ഗണേഷ് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിന്ധുദുര്‍ഗില്‍ വച്ച് ഗണേഷിനെ പൊലീസ് പിടികൂടി. വീട് പണിയാന്‍ വേണ്ടി എടുത്ത വായ്പ തിരിച്ചടക്കാന്‍ വേണ്ടിയാണ് ഗണേഷ് ചവാന്‍ ക്രൂരകൃത്യം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇതിനായി ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സില്‍ ചേര്‍ന്ന ശേഷം താനാണ് മരിച്ചതെന്ന് ഗണേഷ് ചവാന്‍ വരുത്തി തീര്‍ക്കുകയായിരുന്നു.

ശനിയാഴ്ച മഹാരാഷ്ട്രയിലെ ഔസയില്‍ വച്ച് ഗോവിന്ദ് യാദവ് എന്ന ഹിച്ച് ഹൈക്കര്‍ക്ക് ഗണേഷ് ലിഫ്റ്റ് നല്‍കുകയും തുടര്‍ന്ന് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ഗോവിന്ദിനെ മാറ്റി വാഹനത്തിന് തീകൊളുത്തുകയുമായിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും താന്‍ മരിച്ചുവെന്ന് കുടുംബത്തെ ബോധ്യപ്പെടുത്താനും വേണ്ടി, ഗണേഷ് തന്റെ ബ്രേസ്ലെറ്റ് ഗോവിന്ദിന്റെ മൃതദേഹത്തിനു സമീപം ഉപേക്ഷിക്കുകയുമായിരുന്നുവത്രേ. സംഭവത്തില്‍ ഗണേഷിനെതിരെ പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു. കൊലപാതകത്തില്‍ ഗണേഷിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page