കൊല്ലം: എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ഏഴ് വയസുകാരൻ ഗുരുതരാവസ്ഥയിൽ. തിരുവനന്തപുരം പൂജപ്പുര നെടുമ്പുറത്ത് വീട്ടിൽ ബിച്ചു ചന്ദ്രശേഖരൻ (38), സുഹൃത്ത് സതീഷ് (45) എന്നിവരാണ് മരിച്ചത്. ബിച്ചുവിന്റെ മകൻ ദേവപ്രകാശിന് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ നിലമേൽ വാഴോട്ടായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോവുകയായിരുന്ന കാറും തിരുവനന്തപുരത്തു നിന്ന് കൊട്ടാരക്കരയ്ക്കു പോയ കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ ഈ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ബിച്ചുവാണ് കാറോടിച്ചിരുന്നത്. മുൻ സീറ്റിലായിരുന്നു ദേവപ്രകാശ്. സതീഷ് പിൻസീറ്റിലും. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കടയ്ക്കലിൽ നിന്നെത്തിയ ഫയർഫോഴ്സും ചടയമംഗലം പൊലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൂന്നുപേരെയും വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിച്ചുവും സതീഷും മരിച്ചു.ദേവപ്രകാശിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിന്റെ മുൻഭാഗത്ത് കേടുപാട് സംഭവിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. വാഹനങ്ങൾ മാറ്റിയ ശേഷമാണ് എം.സി റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.







