ന്യൂഡല്‍ഹി: ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്തയാളെ കയ്യോടെ പിടികൂടി പൊലീസ്. ചോദ്യം ചെയ്തപ്പോള്‍ കിട്ടിയത് തലയില്‍ കയറുന്നില്ലെന്ന രസകരമായ മറുപടി. മധ്യപ്രദേശില്‍ നിന്നുള്ള ഒരു ഹെല്‍മറ്റ് പരിശോധനയിലാണ് രസകരമായ സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വീഡിയോയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഒരാള്‍ ഹെല്‍മറ്റ് ഇല്ലാതെ മോട്ടോര്‍ സൈക്കിളില്‍ വരുന്നത് കാണാം. ഇത് കണ്ട പൊലീസുകാരന്‍ അയാളെ വഴിയില്‍ തടയുകയും ഹെല്‍മറ്റ് വയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുകയും ചെയ്തു. എന്നാല്‍, ബൈക്ക് യാത്രികന്റെ മറുപടി കേട്ട് പൊലീസുകാരന്‍ ഞെട്ടിപ്പോയി. തന്റെ തലയുടെ അളവിന് ചേര്‍ന്ന ഹെല്‍മറ്റ് കിട്ടാനില്ലെന്നായിരുന്നു അയാള്‍ പറഞ്ഞത്.
എന്നാല്‍ ഇതില്‍ വിശ്വാസം വരാതെ പൊലീസുകാരന്‍ ഒരു ഹെല്‍മെറ്റ് യാത്രക്കാരന് നല്‍കുന്നു. അയാള്‍ അത് ധരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തല അതില്‍ കയറുന്നില്ല. അതോടെ അദ്ദേഹം പറഞ്ഞത് സത്യമാണെന്ന് പൊലീസുകാരന് മനസിലായി. പിന്നാലെ, ചിരിയോടെ പൊലീസുകാരന്‍ ഹെല്‍മറ്റ് കമ്പനികളോടായി ഒരു അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.
‘ഹെല്‍മെറ്റ് കമ്പനികള്‍ അല്‍പ്പം കൂടി വലിപ്പത്തിലുള്ള ഹെല്‍മെറ്റുകള്‍ നിര്‍മ്മിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇദ്ദേഹത്തെ പോലെ വലിപ്പം കൂടുതലുള്ള തലയുള്ള ഒരുപാട് ആളുകളുണ്ട്. നിങ്ങള്‍ അവര്‍ക്കും ഹെല്‍മെറ്റുകള്‍ ഉണ്ടാക്കി കൊടുക്കണം’ എന്നാണ് പൊലീസുകാരന്‍ പറയുന്നത്. വീഡിയോയുടെ ക്യാപ്ഷനില്‍ പറഞ്ഞിരിക്കുന്നതും, ‘എല്ലാവര്‍ക്കും ഹെല്‍മെറ്റുകള്‍ അത്യാവശ്യമാണ്. കമ്പനിയോടുള്ള അഭ്യര്‍ത്ഥന ഇതാണ്, നിങ്ങള്‍ എല്ലാ വലിപ്പത്തിലുമുള്ള ഹെല്‍മെറ്റുകള്‍ നിര്‍മ്മിക്കണം’ എന്നാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.







