ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും താല്‍ക്കാലിക ആശ്വാസം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പരിഗണിക്കാന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി വിസമ്മതിച്ചു.
ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്നും പ്രഥമ വിവര റിപ്പോര്‍ട്ടിന്റെയോ എഫ്.ഐ.ആറിന്റെയോ അടിസ്ഥാനത്തിലല്ലെന്നും അതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ(പിഎംഎല്‍എ) പ്രകാരം ഏജന്‍സി സമര്‍പ്പിച്ച പ്രോസിക്യൂഷന്‍ പരാതി നിലനില്‍ക്കില്ലെന്നും റൗസ് അവന്യൂ കോടതി പറഞ്ഞു.
ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഈ കേസില്‍ ഇതിനകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഇഡിയുടെ വാദത്തില്‍ ഇപ്പോള്‍ വിധി പറയുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പറഞ്ഞ ഇഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. 2000 കോടിയുടെ തട്ടിപ്പെന്നായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ കുറ്റപ്പത്രമാണ് പ്രത്യേക ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്.
കേസില്‍ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ഗാന്ധി രണ്ടാം പ്രതിയുമാണ്. സാം പിത്രോഡ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ, സുമന്‍ ദുബൈ എന്നിവരാണ് മറ്റു പ്രതികള്‍. യങ് ഇന്ത്യ കമ്പനി അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 90 കോടിയിലധികം രൂപയുടെ കടം 50 ലക്ഷം രൂപയുടെ നാമമാത്ര തുകയ്ക്ക് ഏറ്റെടുത്തു എന്നാണ് കേസ്. ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസും മുംബൈയിലെ സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വസ്തുക്കള്‍ക്ക് ഇപ്പോള്‍ 5,000 കോടി രൂപ വിലമതിക്കുമെന്ന് ഇഡി അവകാശപ്പെട്ടു. വിധിക്ക് പിന്നാലെ ‘സത്യം വിജയിച്ചു’ എന്നായിരുന്നു കോണ്‍ഗ്രസ് എക്സില്‍ കുറിച്ചത്.







