കാസര്‍കോട്: കാപ്പികൃഷി കാണാന്‍ ഇനി കുടകിലേക്ക് പോകേണ്ട; കാസര്‍കോട് നഗരമധ്യത്തിലെ ആനബാഗിലുവിലെ നാഗരാജിന്റെ വീട്ടുപറമ്പില്‍ എത്തിയാല്‍ മതി. മരം നിറയെ കാപ്പിക്കുരു കായ്ച്ചു നില്‍ക്കുന്നതിന്റെ നയനമനോഹരമായ കാഴ്ച ആരെയും ആകര്‍ഷിക്കും. പ്രത്യേക കാലാവസ്ഥയുള്ള മലയോരത്ത് മാത്രം വ്യാപകമായി കൃഷി ചെയ്യുന്ന വാണിജ്യ വിളയായ കാപ്പി കാസര്‍കോട്ടും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് നാടകനടനും ബാങ്ക് പിഗ്മി കലക്ഷന്‍-എല്‍ഐസി ഏജന്റുമായ നാഗരാജ്.
കര്‍ണ്ണാടക ഫോറസ്റ്റ് വകുപ്പില്‍ ജോലി ചെയ്തിരുന്ന ശ്രീനിവാസയുടെ മകനായ നാഗരാജിന് വൈവിധ്യങ്ങളായിരുന്നു എന്നും കൂട്ട്. പരിചിതമല്ലാത്ത കാര്യങ്ങള്‍ പരിശീലിച്ചു വിജയിപ്പിച്ചു കാണിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ രീതിയും രീതി ശാസ്ത്രവും. അങ്ങനെയാണ് നഗരമധ്യത്തിലെ അര ഏക്കര്‍ വരുന്ന വീട്ടുപറമ്പില്‍ കാപ്പി കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. 2009ല്‍ വീട്ടുവളപ്പില്‍ 79 തൈകളാണ് നട്ടത്. കടല്‍ക്കാറ്റ് കാപ്പികൃഷിക്കും തൈക്കും അനുകൂലമല്ല. അതിനാല്‍ വീട്ടുവളപ്പിലേക്ക് നേരിട്ട് കടല്‍ക്കാറ്റ് എത്താതിരിക്കുന്നതിനു പ്രത്യേക മറയുണ്ടാക്കി. കടുത്ത വെയില്‍ നേരിട്ട് ഏല്‍ക്കാതിരിക്കുന്നതിനു ആവശ്യത്തിനു തണല്‍ മരങ്ങളും നട്ടു. കൃത്യമായ ഇടവേളകളില്‍ കടലപ്പിണ്ണാക്കും എല്ലുപൊടിയും മീന്‍വളവും നല്‍കിയതോടെ കാപ്പികൃഷി ഉഷാര്‍. രണ്ടര വര്‍ഷം പ്രായമായതോടെ ചെടികള്‍ പൂവിട്ടു തുടങ്ങി. കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ കാപ്പിക്കുരു ലഭിച്ചത്; 29കിലോ. ഇത്തവണ നല്ല തണുപ്പും അനുകൂല കാലാവസ്ഥയുമായതിനാല്‍ നല്ല വിളവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് നാഗരാജ്.








