ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കടുത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലുപേര്‍ വെന്തുമരിച്ചു, 25 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ യമുന എക്‌സ്പ്രസ് വേയിലാണ് അപകടം. ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് ബസുകള്‍ക്ക് തീപിടിക്കുകയും യാത്രക്കാര്‍ കത്തിക്കരിയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മഥുര ജില്ലയിലെ ബാല്‍ഡിയോ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള യമുന എക്‌സ്പ്രസ് വേയിലെ ആഗ്ര-നോയിഡ സ്‌ട്രെച്ചില്‍ പുലര്‍ച്ചെ 4.30 യോടെയാണ് അപകടം ഉണ്ടായത്. കനത്ത മൂടല്‍മഞ്ഞും കറുത്ത അന്തരീക്ഷവും മൂലമാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചതെന്ന് പൊലീസ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തര സേവന സംഘങ്ങളും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
പരിക്കേറ്റ എല്ലാവരെയും പ്രാഥമിക ചികിത്സയ്ക്കായി സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു, ആരുടെയും നില ഗുരുതരമല്ല. അപകടത്തിന് പിന്നാലെ എക്‌സ്പ്രസ് വേയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടതിനാല്‍ ഗതാഗതം വഴിതിരിച്ചുവിട്ടു.
ആദ്യം മൂന്ന് കാറുകള്‍ പരസ്പരം കൂട്ടിയിടിച്ചു. പിന്നാലെ ഒരു റോഡ്വേ ബസും ആറ് സ്ലീപ്പര്‍ ബസുകളും ഉള്‍പ്പെടെ ഏഴ് ബസുകളുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് മഥുര റൂറല്‍ എസ്പി സുരേഷ് ചന്ദ്ര റാവത്ത് പറഞ്ഞു. എല്ലാ ബസുകള്‍ക്കും തീപിടിച്ചു. പതിനൊന്ന് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇതുവരെ നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകടം നടന്നയുടന്‍ തന്നെ അഗ്‌നിശമന സേനാംഗങ്ങള്‍, പൊലീസ് സംഘങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും പ്രദേശത്തെ ഗതാഗതം നിര്‍ത്തിവയ്ക്കുകയും ചെയ്തു.







