കാസര്‍കോട്: മാരക മയക്കു മരുന്നായ 7.4ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ അറസ്റ്റില്‍. കുമ്പള, ആരിക്കാടി, ലക്ഷം വീട് കോളനിയിലെ എ. മുഹമ്മദ് ഫസല്‍ എന്ന ഫാഗു എന്ന കള്ളന്‍ ഫസിലു (40), അടുത്ത ബന്ധുവായ അബ്ദുല്‍ നിസാര്‍ എന്ന ഇച്ചാദ് (23) എന്നിവരെയാണ് കുമ്പള കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ മുകുന്ദനും എസ്‌ഐ അനന്ത കൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രി ഏഴര മണിയോടെ പുത്തിഗെ മുഗുവില്‍ വച്ചാണ് അറസ്റ്റ്. രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് എസ്‌ഐയും സിവില്‍ പൊലീസ് ഓഫീസര്‍ ഹരിപ്രസാദ്, ഡ്രൈവര്‍ ജാബിര്‍ എന്നിവരും മുഗുവില്‍ എത്തിയത്. പൊലീസ് വാഹനം കണ്ടതോടെ റോഡരുകില്‍ നില്‍ക്കുകയായിരുന്ന മുഹമ്മദ് ഫസലും ബന്ധുവായ അബ്ദുല്‍ നിസാറും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. സംശയം തോന്നി തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയില്‍ കണ്ടെത്തിയതെന്നു പൊലീസ് വ്യക്തമാക്കി. പിടിയിലായ മുഹമ്മദ് ഫസലു കാസര്‍കോട്, കുമ്പള ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലായി നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണെന്നു കൂട്ടിച്ചേര്‍ത്തു.







