ചൊക്ലി: ചൊക്ലി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാണാതായ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി തോറ്റു. സ്ഥാനാര്‍ഥി ടിപി അറുവയ്ക്ക് നൂറില്‍പ്പരം വോട്ടുകള്‍ മാത്രമാണ് സ്ഥാനാര്‍ഥിക്ക് നേടാനായത്.
വാര്‍ഡില്‍ സിപിഎം വിജയിച്ചപ്പോള്‍ ബിജെപി രണ്ടാമതായി. തെരഞ്ഞടുപ്പിനിടെയാണ് സ്ഥാനാര്‍ഥിയെ കാണാതായത്. പത്രികാസമര്‍പ്പണം മുതല്‍ വീടുകയറിയും മറ്റുമുള്ള പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സ്ഥാനാര്‍ഥിയായ യുവതി. മാതാവ് പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ബിജെപിക്കാരനൊപ്പമാണ് മകള്‍ പോയെതന്ന് സംശയിക്കുന്നതായും ചൊക്ലി സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. നാട്ടിലെല്ലാം കൊട്ടിക്കാലാശം നടക്കുമ്പോള്‍ സ്ഥാനാര്‍ഥി പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലായിരുന്നു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം ആണ്‍സുഹൃത്തിനൊപ്പം പോകാന്‍ അനുവദിച്ചിരുന്നു. ഈ സമയത്ത് സ്ഥാനാര്‍ഥിയെ കാണാതായത് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. സിപിഎമ്മിന്റെ നാടകമാണിതെന്നും സ്ഥാനാര്‍ഥിയെ അവര്‍ ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നുമായിരുന്നു യുഡിഎഫ് നേതാക്കള്‍ ആരോപിച്ചത്.







