കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുമ്പഡാജെയില്‍ സ്ഥാനാര്‍ത്ഥിയുടെ വീടിനു മുന്നില്‍ ഉണ്ടായ നാടന്‍ ബോംബ് സ്‌ഫോടനത്തില്‍ വളര്‍ത്തു നായ ചത്തു. വിവരമറിഞ്ഞെത്തിയ ബദിയഡുക്ക പൊലീസ് പൊട്ടാതെ കിടന്ന മൂന്നു നാടന്‍ ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷനിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായ കാദ്രാബല്ലിയിലെ പ്രകാശന്റെ വീടിനു സമീപത്തെ തോട്ടത്തിലാണ് വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ ഉഗ്രശബ്ദത്തോടെ സ്‌ഫോടനം നടന്നത്. ശബ്ദം കേട്ട് ആള്‍ക്കാര്‍ സ്ഥലത്ത് എത്തിയപ്പോള്‍ പ്രകാശന്റെ വളര്‍ത്തു നായ ചത്തു കിടക്കുന്നതാണ് കണ്ടത്. സമീപത്തു മറ്റു മൂന്നു ബോംബുകള്‍ കൂടി കണ്ടെത്തിയതോടെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. പന്നികളെ കൊല്ലാന്‍ വച്ച പന്നി പടക്കമാണ് പൊട്ടിയതെന്നു സംശയിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.







