കൊച്ചി: മലയാറ്റൂരിൽ നിന്ന് കാണാതായ പത്തൊൻപതുകാരിയേ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടങ്ങമറ്റം വീട്ടിൽ ചിത്രപ്രിയ(19)യുടെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന കാറ്ററിങ് യൂണിറ്റിലെ ജീവനക്കാരുടെ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചിത്രപ്രിയയുടെ വീട്ടിൽ നിന്ന് ഒരുകിലോമീറ്റർ അകലെ മണപ്പാട്ട് ചിറയ്ക്ക് സമീപമാണ് ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം നാട്ടുകാർ കണ്ടത്. തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതിനാൽ കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. റോഡരികിൽ തന്നെയുള്ള ഒഴിഞ്ഞപറമ്പിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. ഈ മാസം ആറിനാണ് ചിത്രപ്രിയയെ കാണാതായത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ആൺ സുഹൃത്തിനോടൊപ്പം ചിത്രപ്രിയ പോകുന്നതിന്റെ സിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സമീപത്തെ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മരണകാരണം ഉറപ്പിക്കാൻ ബുധനാഴ്ച പോസ്റ്റ്മോർട്ടം പൂർത്തിയാകണം. ഇതിന് ശേഷമാകും മലയാറ്റൂർ പൊലീസിന്റെ തുടർ നടപടികൾ. ബെംഗളൂരുവിലെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയാണ് കൃഷ്ണപ്രിയ.







