കാസര്‍കോട്: കുമ്പള, ബന്തിയോട്, പഞ്ചത്തൊട്ടി സ്വദേശിയെ ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ഇതു സംബന്ധിച്ച വിവരം നാട്ടില്‍ ലഭിച്ചത്. പഞ്ചത്തൊട്ടിയിലെ ഹസൈനാര്‍-സഫിയ ദമ്പതികളുടെ ഏകമകന്‍ മുഹമ്മദ് ഷഫീഖ് (25)ആണ് മരിച്ചത്. ദുബായ് പോര്‍ട്ട് റാഷിദ് കടലില്‍ ആണ് മൃതദേഹം കാണപ്പെട്ടതെന്ന് ബന്ധുക്കള്‍ക്ക് നാട്ടില്‍ വിവരം ലഭിച്ചു. ബര്‍ദുബൈയില്‍ താമസിച്ച് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് ഷഫീഖ്. എട്ടു മാസം മുമ്പാണ് നാട്ടിലെത്തി തിരികെ പോയത്.
ഡിസംബര്‍ നാലിനു രാത്രി മുഹമ്മദ് ഷഫീഖും കൂടെ താമസിക്കുന്ന രണ്ടു പേരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നതായി പറയുന്നു. ഇതിനു പിന്നാലെ താഴത്തെ നിലയിലുള്ള ശുചിമുറിയിലേക്ക് പോയ ശേഷം മുഹമ്മദ് ഷഫീഖ് തിരിച്ചെത്തിയിരുന്നില്ലെന്നു പറയുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കടലില്‍ കാണപ്പെട്ടത്. സംഭവത്തില്‍ സഹ താമസക്കാരായ രണ്ടു പേരെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു.







