വഴിയും ബസ് സര്‍വ്വീസും തൊഴില്‍ സൗകര്യവുമില്ലാതെ കുമ്പള കോയിപ്പാടി വാര്‍ഡ്; എല്ലാ സൗകര്യവും വാര്‍ഡില്‍ ലഭ്യമാക്കുമെന്ന വിക്രംപൈയുടെ ഉറപ്പില്‍ വോട്ടര്‍മാര്‍ക്കു വിശ്വാസം

കുമ്പള: കുമ്പള പഞ്ചായത്ത് നിലവില്‍ വന്നു ഇത്രകാലമായിട്ടും പ്രാഥമികമായ അടിസ്ഥാന സൗകര്യങ്ങള്‍ എത്തിനോക്കിയിട്ടില്ലാത്ത കുമ്പള പഞ്ചായത്ത് കോയിപ്പാടി കടപ്പുറം വാര്‍ഡില്‍ പ്രത്യാശയുടെ പൊന്‍വെളിച്ചവുമായി പ്രമുഖ വ്യവസായി വിക്രം പൈ രംഗത്ത്.
ഇത്രകാലവും പഞ്ചായത്തു ഭരിച്ച രാഷ്ട്രീയപാര്‍ട്ടി അവരുടെ ശക്തി കേന്ദ്രമായിരുന്ന കോയിപ്പാടി കടപ്പുറത്തെ അവഗണിക്കുകയായിരുന്നെന്നു വോട്ടര്‍മാര്‍ പരിതപിക്കുന്നു. കോയിപ്പാടി കടപ്പുറത്തു എത്തിച്ചേരാന്‍ സുഗമമായ റോഡില്ല. കുമ്പളയില്‍ നിന്നു ഇവിടേക്കു ബസ് സര്‍വ്വീസില്ല. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ എല്ലാ സൗകര്യങ്ങളോടും കൂടി മത്സ്യ ബന്ധന തുറമുഖം സ്ഥാപിക്കാനുള്ള എല്ലാ പ്രകൃതിദത്ത സൗകര്യങ്ങളുമുണ്ടായിട്ടും അതിനുള്ള ഒരു ശ്രമവും നടത്തുന്നില്ല. തെരുവു വിളക്കുകള്‍ പോലും സ്ഥാപിക്കാതെ ജനങ്ങളെ ഇരുട്ടത്തു ബോധപൂര്‍വ്വം നിറുത്തുകയാണ് കുമ്പളയിലെ ഭരണ വിലാസക്കാരെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
കുമ്പളയില്‍ വ്യാപാരി നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമെന്ന നിലയില്‍ വിക്രംപൈ നടത്തിയിട്ടുള്ള പരിശ്രമങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസ്തനായ ഒരു ജനനായകന്റെ സാന്നിധ്യം വോട്ടര്‍മാര്‍ കാണുന്നു. കോയിപ്പാടിയിലേക്കു കുമ്പളയില്‍ നിന്നു സര്‍ക്കാര്‍ ബസ് സര്‍വ്വീസ് ആരംഭിച്ചില്ലെങ്കില്‍ സ്വന്തമായി മിനിബസ് സര്‍വ്വീസ് ഏര്‍പ്പെടുത്താമെന്നു അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. വിക്രംപൈ പറഞ്ഞാല്‍ പറഞ്ഞതു ചെയ്യുമെന്നു ജനങ്ങള്‍ വിശ്വസിക്കുന്നു. പുലിമുട്ടും ഫിഷിംഗ് ഹാര്‍ബറും ഈ പ്രദേശത്തിന്റെ ചിരകാലാഭിലാഷമാണ്. തീരദേശ റോഡിനു കേന്ദ്രസര്‍ക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും തുറമുഖ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെ അനുമതി ലഭ്യമാക്കാന്‍ വിക്രംപൈക്കു എളുപ്പത്തില്‍ കഴിയുമെന്നു ജനങ്ങള്‍ കരുതുന്നു. എല്ലാവര്‍ക്കും വികസനം; എല്ലാവരുടെയും വികസനം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടും മാനവിക സമീപനവും കുമ്പളയിലും കോയിപ്പാടി കടപ്പുറത്തും യാഥാര്‍ത്ഥ്യമാക്കാനുള്ള ഉറച്ച തീരുമാനത്തില്‍ വിക്രംപൈ തിരഞ്ഞെടുപ്പു രംഗത്തു മുന്നേറുന്നു.
യു ഡി എഫിന്റെ കോട്ടയെന്നവകാശപ്പെട്ടിരുന്ന കോയിപ്പാടി കടപ്പുറം 17-ാം വാര്‍ഡ് വിക്രംപൈയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ഇളകി മറിഞ്ഞിരിക്കുകയാണ്. ഹമീദാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. പ്രധാനമത്സരം ബി ജെ പിയും യു ഡി എഫും തമ്മിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page