കാസര്‍കോട്: ബന്ധുവിന്റെ ഗൃഹപ്രവേശന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ പൊയ്‌നാച്ചി പറമ്പ് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കരിച്ചേരി, വെള്ളാക്കോട്ടെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ പരേതനായ ഗോപാലന്‍ നമ്പ്യാരുടെ മകന്‍ കെ നാരായണന്‍ നായര്‍ (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കൊളത്തൂര്‍, ബെദിരയില്‍ നടന്ന ഗൃഹപ്രവേശന പരിപാടിക്കിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ പ്രവാസിയായിരുന്ന നാരായണന്‍ നായര്‍ നിലവില്‍ മൈലാട്ടി സ്പിന്നിംഗ് മില്ലിനു വേണ്ടി സ്വന്തം വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഓടിച്ചു വരികയായിരുന്നു. നാരായണന്‍ നായരുടെ ആകസ്മിക വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.
പരേതയായ ശാരദാമ്മയാണ് മാതാവ്. ഭാര്യ: പുഷ്പ, ഏകമകള്‍: നിമിഷ (കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രി ജീവനക്കാരി). സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍, ഭാരതി (ദേവന്‍ പൊടിച്ച പാറ), പരേതനായ ബാലകൃഷ്ണന്‍ നായര്‍.







