കൊല്ലം: ചവറ വട്ടത്തറയിൽ പെന്‍ഷന്‍ പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ മുത്തശ്ശിയെ കൊച്ചുമകൻ കൊലപ്പെടുത്തി. വട്ടത്തറ സ്വദേശി സുലേഖ ബീവി(70)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ കൊച്ചുമകൻ ഷഹനാസി(30)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സുലേഖയുടെ മൃതദേഹം കട്ടിലിനടയിൽ നിന്നാണ് കണ്ടെത്തിയത്. കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. കൊല നടത്തിയതിനുശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവം നടക്കുമ്പോള്‍ ഷഹനാസും സുലേഖ ബീവിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഷഹനാസിന്‍റെ മാതാവ് പുറത്തുപോയിരുന്നു. മാതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോള്‍ മുത്തശ്ശിയെ കാണാത്തതിനെതുടര്‍ന്ന് ഷഹനാസിനോട് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുലേഖ ബീവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരിയുടെ പുറത്തുള്ള കൊലപാതകമാണോയെന്നതടക്കമുള്ള കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. യുവാവ് സ്ഥിരം പ്രശ്നക്കാരനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഷഹനാസ് മുൻപും പല കേസുകളിലും പ്രതിയായിരുന്നതായും പൊലീസ് പറഞ്ഞു.







