ആലപ്പുഴ: സ്ഥാനാര്‍ഥി പര്യടനത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ രക്തം വാര്‍ന്നു മരിച്ചു. ചമ്പക്കുളം കറുകയില്‍ വീട്ടില്‍ രഘു(53) ആണ് ദാരുണമായി മരിച്ചത്.വേരിക്കോസ് വെയിന്‍ പൊട്ടിയാണ് മരണം. അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു. ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉദയകുമാറിന്റെ സ്ഥാനാര്‍ഥി പര്യടനത്തിനിടെയാണ് ദുരന്തം. കോണ്‍ഗ്രസിന്റെയും ഐ.എന്‍.ടി.യു.സിയുടെയും സജീവപ്രവര്‍ത്തകനാണ് രഘു.
വേരിക്കോസ് വെയിന്‍ പൊട്ടി രക്തം വാര്‍ന്നു പോകുന്ന വിവരം രഘു അറിഞ്ഞിരുന്നില്ല. വാഹനത്തിലായിരുന്നതിനാല്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍പെട്ടതുമില്ല. ചമ്പക്കുളം പതിമൂന്നാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനുശേഷം അവശനിലയിൽ കാണപ്പെട്ട രഘു വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് രക്തം വാര്‍ന്നുപോകുന്ന വിവരം അറിഞ്ഞത്.
ഉടന്‍തന്നെ കൂടെയുള്ളവര്‍ ചമ്പക്കുളം ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സിന്ധു. മക്കള്‍: വിശാഖ്(ഖത്തര്‍), വിച്ചു. മരുമകള്‍: അരുന്ധതി.







