ന്യൂഡല്‍ഹി: യാതൊരു മുന്നറിയിപ്പുമില്ലാതെ ഡസന്‍ കണക്കിന് വിമാനങ്ങള്‍ പെട്ടെന്ന് റദ്ദാക്കിയ ഇന്‍ഡിഗോയുടെ നടപടി കുറച്ചൊന്നുമല്ല യാത്രക്കാരെ പരിഭ്രാന്തരാക്കിയത്. ബുധനാഴ്ച മുതല്‍ ഇന്ത്യയിലെ നിരവധി വിമാനത്താവളങ്ങളില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വലിയ കലാപം തന്നെ സൃഷ്ടിച്ചു. ഓണ്‍ലൈനില്‍ പങ്കിട്ട വിവിധ ദൃശ്യങ്ങളില്‍ നിന്നും യാത്രാ തടസം ആളുകളെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് വ്യക്തം. ഇന്‍ഡിഗോയുടെ വിമാനം റദ്ദാക്കല്‍ കാരണം സ്വന്തം വിവാഹ റിസപ്ഷനില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത നവദമ്പതികളുടെ അടക്കം വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അതിനിടെ ഇപ്പോള്‍ മറ്റൊരു വീഡിയോയും വ്യാപകമായി പ്രചരിക്കുകയാണ്. ഇന്‍ഡിഗോ കാരണം യാത്ര മുടങ്ങിയതിനാല്‍ കിട്ടിയ പണി പോകാന്‍ സാധ്യതയുള്ള ഒരു യുവാവിന്റെ വീഡിയോ ആണ് വൈറലായത്. ആയുഷ് കുച്യ എന്നയാളാണ് വീഡിയോ എക്‌സില്‍ പങ്കുവച്ചത്. തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിടരുതെന്ന് മേലധികാരിയോട് പറയണമെന്ന് കരഞ്ഞുപറയുന്ന യുവാവിനെ വീഡിയോയില്‍ കാണാം. പൈലറ്റ് ഇല്ലാത്തതിനാലാണ് വിമാനം പുറപ്പെടാത്തതെന്ന് ഒരു ഇന്‍ഡിഗോ ജീവനക്കാരന്‍ തന്നോട് പറഞ്ഞതായി മറ്റൊരാള്‍ പറയുന്നതും വീഡിയോയിലുണ്ട്. ഇന്‍ഡിഗോ വിമാന കമ്പനിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പ്രായമുള്ള ഒരാള്‍ പറയുന്നു.







