കുമ്പള: കുമ്പള ഗ്രാമപഞ്ചായത് 9-ആം വാർഡായ കൊടിയമ്മയിൽ കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഇത്തവണയും പൊരിഞ്ഞ പോരാട്ടം. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയും, സ്വതന്ത്ര സ്ഥാനാർത്ഥിയും തമ്മിലാണ് പോര്. ഇവരോടൊപ്പം സിപിഎം സ്ഥാനാർത്ഥിയും, ബിജെപിയും രംഗത്തുണ്ട്.
മുസ്ലിം ലീഗിന്റെ അബ്ബാസാണ് സ്ഥാനാർത്ഥി. പൊതുരംഗത്തും അധ്യാപനത്തിലും കാലങ്ങളായി നാട്ടുകാർക്കിടയിലുള്ള സജീവ ലീഗ് പ്രവർത്തകനാണ് അബ്ബാസ് . കൊടിയമ്മയുടെ “സ്പന്ദനം” അറിയുന്ന സ്ഥാനാർത്ഥിയെന്നാണ് ലീഗ് പ്രവർത്തകർ ഇദ്ദേഹത്തെ ലീഗ് പ്രവർത്തകർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.പരമ്പരാഗത ലീഗ് വോട്ടുകൾ ഇദ്ദേഹത്തിന് അനുകൂല മാകുമെന്നും പ്രവർത്തകർ പറയുന്നു.
ആദ്യ മത്സരത്തിൽത്തന്നെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗപ്രവേശനം ചെയ്ത അബ്ദുസ്സലാം യുവാക്കൾക്കിടയിലും,എ പി വിഭാഗം സുന്നി പ്രവർത്തകർക്കിടയിലും സ്വീകാര്യനാണ്.താഴെ കൊടിയമ്മ, ചത്രപള്ളം,ഊജാർ തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന കൊടിയമ്മയിൽ അബ്ദുസ്സലാമിന് മേൽക്കോയ്മ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഇവരെ പിന്തുണക്കുന്നവർ പറയുന്നു.മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾക്കിടയിൽ ഉണ്ടായിരുന്ന പടലപ്പിണക്കവും,പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുസ്ലിം ലീഗ് പുറത്താക്കിയവരുടെ പിന്തുണയും അബ്ദുസ്സലാം പ്രതീക്ഷിക്കുന്നു. കൊടിയമ്മയിലെ കഞ്ചിക്കട്ട പാലം ഉൾപ്പെടെയുള്ള വികസന മുരടിപ്പ് അബ്ദുസ്സലാം ചൂണ്ടിക്കാട്ടുന്നുമുണ്ട്.
കഴിഞ്ഞ പ്രാവശ്യം സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തി അട്ടിമറി വിജയം നേടിയ സിപിഎം ഇപ്രാവശ്യം പാർട്ടിയിലെ സജീവ പ്രവർത്തകനായ യു എസ് ശശിധരനെയാണ് സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്.ലീഗ് വിരുദ്ധ വോട്ടുകളിലുണ്ടായ ഏകോപനമാണ് കഴിഞ്ഞ പ്രാവശ്യം എൽഡിഎഫിന് തുണയായത്.മതേതര വോട്ടുകളിലാണ് ഈ പ്രാവശ്യം സിപിഎം പ്രതീക്ഷ വെച്ചുപുലർത്തുന്നത്.ബിജെപിയിൽ യു രാജേഷ് റൈയാണ് സ്ഥാനാർത്ഥി. ബിജെപി പ്രവർത്തകർക്കിടയിലും യുവജനങ്ങൾക്കിടയിലും സുപരിചിതനാണ്. ബിജെപിയുടെ നിശ്ചിത വോട്ടുകൾ ബിജെപി സ്ഥാനാർത്ഥിക്ക് തന്നെ ലഭിക്കണമെന്നുള്ളതാണ് ബിജെപി ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ പ്രതീക്ഷ.ഈ പ്രാവശ്യം കൊടിയമ്മയിൽ ബിജെപിക്ക് വോട്ടു വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു. ചതുഷ് കോണ മത്സരം കൊണ്ട് ശ്രദ്ധേയമായ കൊടിയമ്മയിൽ പോരാട്ടം കനത്തതോടെ ഫലം പ്രവചനാതീതമായിട്ടുണ്ട്.







