കാസര്‍കോട്: അടിയന്തര ഘട്ടങ്ങളില്‍ വിളിക്കാനുള്ള ഇ ആര്‍ എസ് എസ് നമ്പരില്‍ വിളിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയും വട്ടംകറക്കുകയും ചെയ്തതായി പരാതി. മഞ്ചേശ്വരം എസ് ഐ എ വി രാധാകൃഷ്ണന്റെ പരാതിയില്‍ ഉപ്പള സ്വദേശി മുനീറിനെതിരെ കേസെടുത്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കേസിനാസ്പദമായ സംഭവം. മുനീറിന്റെ ഫോണില്‍ നിന്ന് പൊലീസിന്റെ ഇ ആര്‍ എസ് എസ് നമ്പരില്‍ വിളിച്ച് ഉപ്പള കെ എസ് ഇ ബിക്ക് മുന്‍വശം ഗതാഗത തടസ്സം ഉണ്ടാക്കുന്ന തരത്തില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സ്ഥലത്തേയ്ക്ക് കുതിച്ചെത്തിയെങ്കിലും കാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിശദമായ അന്വേഷണത്തില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു വ്യക്തമായി. ഇതോടെയാണ് ഫോണ്‍ വിളിച്ച ആള്‍ക്കെതിരെ കേസെടുത്തത്.







