ട്വന്റി ട്വന്റി മത്സരങ്ങളില്‍ നിന്നും ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുമെല്ലാം വിരമിച്ചെങ്കിലും വിരാട് കോഹ്ലി ഇന്നും ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടതാരം തന്നെ. കോഹ്ലിയുടെ താരപദവിയുടെ ഏറ്റവും വലിയ അളവുകോല്‍ അദ്ദേഹം കളിക്കുന്ന ഏത് മത്സരത്തിലേക്കും ആകര്‍ഷിക്കുന്ന ആളുകളുടെ എണ്ണമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഫൈനലായാലും രഞ്ജി ട്രോഫി മത്സരമായാലും, ഇന്ത്യയിലെ മഹാനായ താരത്തെ കാണാന്‍ പതിനായിരക്കണക്കിന് ആളുകള്‍ അവിടെ ഒഴുകിയെത്തുന്നു.
അതുപോലെ തന്നെ വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയം കോഹ്ലി-മാനിയയുടെ ഏറ്റവും പുതിയ സാക്ഷ്യമാകാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പരമ്പരയെ നിര്‍ണായകമാക്കുന്ന മൂന്നാം ഏകദിനത്തിന് വേദിയായ ഇവിടെ, പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിലെ(റാഞ്ചിയിലും, റായ്പൂരിലും) വിരാട് കോഹ്ലിയുടെ തുടര്‍ച്ചയായ സെഞ്ച്വറികളെത്തുടര്‍ന്ന് സമീപ ദിവസങ്ങളില്‍ ടിക്കറ്റ് വില്‍പ്പന കുതിച്ചുയരുകയാണ്. ഇതുവരെ നടന്ന മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചിട്ടുണ്ട്. അടുത്ത കളിയില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
വിശാഖപട്ടണത്ത് നടന്ന മൂന്നാം ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന തുടക്കത്തില്‍ മന്ദഗതിയിലായിരുന്നുവെങ്കിലും കോഹ്ലിയുടെ ഇരട്ട സെഞ്ച്വറികളെത്തുടര്‍ന്ന് എല്ലാ ടിക്കറ്റുകളും വിറ്റുതീര്‍ന്നു എന്നാണ് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്റെ മീഡിയ ആന്‍ഡ് ഓപ്പറേഷന്‍സ് ടീമിലെ അംഗമായ വൈ വെങ്കിടേഷിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.
വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ സ്റ്റേഡിയം കോഹ്ലിയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. അദ്ദേഹം ഇവിടെ നിന്നും ഒരു ഏകദിന റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ വിശാഖപട്ടണം സ്റ്റേഡിയത്തിലെ ടോപ് സ്‌കോററാണു വിരാട് കോഹ്ലി. വിശാഖപട്ടണത്ത് ഏഴു മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോലി 587 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തത്. 157 ആണ് സ്റ്റേഡിയത്തില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. റാഞ്ചിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 120 പന്തില്‍ 135 റണ്‍സടിച്ച കോഹ്ലി, റായ്പുരില്‍ 93 പന്തില്‍ 102 റണ്‍സാണു സ്വന്തമാക്കിയത്.
ഈ വര്‍ഷം 12 ഏകദിനങ്ങള്‍ കളിച്ച കോഹ്ലി ആകെ 586 റണ്‍സ് അടിച്ചെടുത്തു. മൂന്ന് സെഞ്ചറികളും മൂന്ന് അര്‍ധ സെഞ്ചറികളും താരം നേടിയപ്പോള്‍, 135 ആണ് ഉയര്‍ന്ന സ്‌കോര്‍. രാജ്യാന്തര ക്രിക്കറ്റില്‍ 28,000 റണ്‍സെന്ന നേട്ടത്തിലെത്താന്‍ കോഹ്ലിക്ക് ഇനി 90 റണ്‍സ് കൂടി മതിയാകും. ഇതിഹാസ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും കുമാര്‍ സംഗക്കാരയും മാത്രമാണ് 28,000 ‘ക്ലബ്ബിലുള്ളത്’. 555 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോഹ്ലി ഇതുവരെ 27,910 റണ്‍സാണ് അടിച്ചെടുത്തത്.
മൂന്നാം ഏകദിനത്തെ കൂടുതല്‍ ആവേശകരമാക്കുന്നത്, ആദ്യ രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി സെഞ്ച്വറികള്‍ നേടിയ കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തി എന്നതാണ്. പരമ്പരയിലെ ഇതുവരെയുള്ള തന്റെ മികച്ച പ്രകടനം 37 കാരനായ കോഹ്ലി കാഴ്ചവച്ചു.
കോഹ്ലിക്കൊപ്പം രോഹിത് ശര്‍മ്മയും ഇന്ത്യയുടെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും വിശാഖപട്ടണത്ത് മികച്ച റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ഇതെല്ലാം കാണികള്‍ക്ക് കുളിര്‍മയേകുന്ന കാഴ്ചയാണ്. പിന്നെ ടിക്കറ്റുകള്‍ വിറ്റുതീരാന്‍ അധിക സമയം വേണോ?







