കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കൂട്ടത്തല്ല്. കീഴൂരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സ തേടി എത്തിയ രണ്ടു സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഏറെ നേരം ഭീതി വിതച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടറുടെ പരാതി പ്രകാരം എട്ടുപേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തു.
ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഡോക്ടര്‍ മുഹമ്മദ് നിസാറിന്റെ പരാതിയില്‍ മാങ്ങാട്, ബാരയിലെ പി ടി ഷബീര്‍ അലി (28), ചെമ്മനാട്, കൊമ്പനടുക്കത്തെ പി ജഗദീഷ് കുമാര്‍ (34), കീഴൂര്‍, പടിഞ്ഞാറിലെ അഹമ്മദ് ഷാനവാസ്(25), കൊമ്പനടുക്കത്തെ, സി കെ അജേഷ് (27), കീഴൂര്‍, കടപ്പുറത്തെ അബ്ദുല്‍ ഷഫീര്‍ (31), മുഹമ്മദ് അഫ്‌നാന്‍ (19), സയ്യിദ് അഫ്രീദ് (27), ഡി എം കുഞ്ഞഹമ്മദ്(36) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ചികിത്സ തേടിയെത്തിയവര്‍ അത്യാഹിത വിഭാഗത്തില്‍ വച്ചും പുറത്തും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഡോക്ടറുടെയും നഴ്‌സുമാരുടെയും മറ്റു ജീവിക്കാരുടെയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുന്ന രീതിയിലാണ് സംഘം പരസ്പരം ഏറ്റുമുട്ടിയത്. അതേസമയം കീഴൂര്‍ പടിഞ്ഞാറില്‍ ബുധനാഴ്ച രാത്രി ഉണ്ടായ സംഘട്ടനത്തില്‍ 14 പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. കുഞ്ഞഹമ്മദ്, ഷഫീര്‍, ഷാനവാസ്, ഷബീര്‍, കണ്ടാല്‍ അറിയാവുന്ന മറ്റു 10 പേര്‍ എന്നിവര്‍ക്കെതിരെയാണ് മേല്‍പ്പറമ്പ് എസ് ഐ വി കെ അനീഷിന്റെ പരാതിയില്‍ കേസെടുത്തത്.







