കാസര്‍കോട്: ബലാത്സംഗ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട്ടെത്തിയേക്കുമെന്ന് സൂചന. ഇതേ തുടര്‍ന്ന് കാസര്‍കോട്ടേയും ഹൊസ്ദുര്‍ഗ്ഗിലെയും കോടതി പരിസരത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി. ബംഗ്‌ളൂരുവിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയില്‍ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട രാഹുല്‍ കാസര്‍കോട്ടെ തന്റെ വിശ്വസ്തരായ ചിലരുടെ സഹായത്തോടെയാണ് കഴിയുന്നതെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളൊന്നും പൊലീസിനും ലഭിച്ചിട്ടില്ല. രാഹുലുമായി അടുപ്പമുള്ള ചിലരും താമസിക്കാന്‍ സാധ്യതയുള്ള ചില സ്ഥലങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.







