കാസര്‍കോട്: വീട്ടുകാരുമായി സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ കാണാതായ ഗൃഹനാഥനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള, കോട്ടേക്കാര്‍, ഉന്നതിയിലെ ജനാര്‍ദ്ദനന്‍(65) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് ഇദ്ദേഹത്തെ വീട്ടില്‍ നിന്നു കാണാതായത്. സ്ഥലത്തു തന്നെ ഉണ്ടാകുമെന്നായിരുന്നു വീട്ടുകാര്‍ കരുതിയിരുന്നത്. ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് വീട്ടിനു സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: കമലാക്ഷി. മക്കള്‍: ഉഷാ കിരണ്‍, തുളസി, സ്വാതി, ശരത് കിരണ്‍, കൃഷ്ണ. മരുമക്കള്‍: മണികണ്ഠന്‍, നിതിന്‍. സഹോദരന്‍: മാധവ.







