ജയിലര്‍ ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗത്തിലെ അഭിനയത്തിലൂടെ ഏറെ പ്രശംസ നേടിയ താരമാണ് നടന്‍ വിനായകന്‍. ചിത്രത്തിലെ ‘മനസ്സിലായോ സാറേ’ എന്ന ഹിറ്റ് ഡയലോഗ് മലയാളികള്‍ ഒരിക്കലും മറക്കില്ല. എന്നാല്‍ ഇപ്പോള്‍ ജയിലര്‍ 2 പ്രഖ്യാപിച്ചപ്പോള്‍ മലയാളികളെ ആവേശം കൊള്ളിക്കുന്ന മറ്റൊരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് വിനായകന്‍. ചിത്രത്തില്‍ താനും ഉണ്ടാകുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.
രജനീകാന്തിനെ നായകനാക്കി സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ വരാനിരിക്കുന്ന തമിഴ് ചിത്രം ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും എന്ന സൂചനകള്‍ നേരത്തെ അണിയറക്കാര്‍ നല്‍കിയിരുന്നു.
തന്റെ മലയാള ചിത്രമായ കളങ്കാവലിന്റെ പ്രമോഷനു വേണ്ടി അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടെയാണ് ജയിലര്‍ രണ്ടാം ഭാഗത്തില്‍ താന്‍ അഭിനയിക്കുമെന്ന് വിനായകന്‍ പറഞ്ഞത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് നടന് വ്യാപകമായ പ്രശംസ ലഭിച്ചിരുന്നു. ഗോവയില്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് രജനീകാന്ത് അടുത്തിടെ ചെന്നൈയില്‍ തിരിച്ചെത്തിയതോടെ ഒരിടവേളയ്ക്ക് ശേഷം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ ആവേശം വര്‍ദ്ധിച്ചു. എന്നിരുന്നാലും അദ്ദേഹത്തിന്റെ വേഷത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. ജയിലറില്‍ അതിഥി വേഷത്തില്‍ അഭിനയിച്ച മോഹന്‍ലാലും ഉടന്‍ തന്നെ ചിത്രീകരണത്തില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
‘ജയിലര്‍ 2 ന്റെ ഷൂട്ടിംഗ് നന്നായി പുരോഗമിക്കുന്നു. ഡിസംബറോടെ ചിത്രീകരണം പൂര്‍ത്തിയാകും’ എന്ന് മേയ് മാസത്തില്‍ രജനീകാന്ത് മാധ്യമങ്ങളെ അറിയിച്ചിരുന്നു. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ല്‍ ആയിരുന്നു ജയിലര്‍ റിലീസ് ചെയ്തത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 650 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ രണ്ടാം ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ പാലക്കാട്ട് ചിത്രീകരണവും ആരംഭിച്ചു.
അടുത്തിടെ നിയമപരമായ ഒരുപാട് പ്രശ്നങ്ങള്‍ വിനായകനെ അലട്ടിയിരുന്നു. 2023 ഒക്ടോബറില്‍, മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പരാതിയില്‍ കേരള പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പിന്നാലെ വിമാനത്താവള ജീവനക്കാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഹൈദരാബാദില്‍ വച്ചും പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ഇതുപോലെയുള്ള ചില പ്രശ്‌നങ്ങളില്‍ അടിക്കടി വിനായകന്‍ ഉള്‍പ്പെട്ടിരുന്നു.ഈ സംഭവങ്ങള്‍ക്കിടയിലും, വിനായകന്‍ ഫ്രാഞ്ചൈസിയുടെ ഒരു പ്രധാന ഭാഗമായി തുടരുന്നു.







