ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ മകളെ വിവാഹ പന്തലിലേക്ക് ആനയിച്ച് പട്ടാളക്കാര്‍; അപൂര്‍വ കാഴ്ചയില്‍ കണ്ണും മനസ്സും നിറഞ്ഞ് വധുവും ബന്ധുക്കളും

പഞ്ചാബ്: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ മകളെ വിവാഹ പന്തലിലേക്ക് ആനയിച്ച് പട്ടാളക്കാര്‍. അപൂര്‍വ കാഴ്ചയില്‍ കണ്ണും മനസ്സും നിറഞ്ഞ് വധുവും ബന്ധുക്കളും. 2006-ല്‍ കശ്മീരിലെ ബാരാമുള്ളയില്‍ 28-ാം വയസ്സില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഗ്രേറ്റര്‍ നോയിഡയിലെ സുരേഷ് സിംഗ് ഭാട്ടിയുടെ മകള്‍ 22 കാരിയായ മുസ്‌കന്‍ ഭാട്ടിയുടെ വിവാഹമാണ് പിതാവിന്റെ അസാന്നിധ്യത്തിലും സഹപ്രവര്‍ത്തകര്‍ മംഗളമായി നടത്തിയത്. സുരേഷ് സിംഗ് മരിച്ച് 20 വര്‍ഷങ്ങളായെങ്കിലും മകളുടെ വിവാഹത്തിനായി ക്ഷണക്കത്ത് ലഭിച്ചതോടെ എല്ലാവരും നിറഞ്ഞ മനസ്സോടെ മകളെ അനുഗ്രഹിക്കാനായി എത്തിയതാണ്. കന്യാദാന്‍ ചടങ്ങ് അടക്കം സൈനികരാണ് നിര്‍വഹിച്ചത്.

നവംബര്‍ 25 ന് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. സ്വര്‍ണ്ണ സാരിയില്‍ എംബ്രോയ്ഡറി ചെയ്ത പിങ്ക് നിറത്തിലുള്ള ലെഹങ്ക ധരിച്ച വധു മുസ്‌കന്‍ ഭാട്ടി ഇടനാഴിയിലൂടെ നടന്നു പോകാന്‍ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് ആ അപ്രതീക്ഷിതമായ കാഴ്ച അവള്‍ കാണുന്നത്. അത് അവളെ കൂടുതല്‍ സന്തോഷവതിയാക്കി. യൂണിഫോം ധരിച്ച ഒരു കൂട്ടം സൈനികര്‍ ആയിരുന്നു അത്. ഗ്രേറ്റര്‍ നോയിഡയിലെ കസ്‌നയിലെ വിവാഹ വേദിയില്‍ അവരുടെ സാന്നിധ്യം കണ്ടതോടെ ഒരു നിമിഷം അവള്‍ തന്റെ പിതാവിനെ ഓര്‍ത്തുപോയി.

സുരേഷിന്റെ മകളായ മുസ്‌കാനെ വിവാഹ വേദിയിലേക്ക് ആനയിച്ചത് സൈനിക വേഷത്തിലെത്തിയ സഹപ്രവര്‍ത്തകര്‍ ആയിരുന്നു. ചുവന്ന ദുപ്പട്ടയ്ക്ക് കീഴില്‍ വിവാഹ വേഷങ്ങളണിഞ്ഞ് കയ്യില്‍ വളകളും മൈലാഞ്ചിയുമൊക്കെയിട്ട് അതിസുന്ദരിയായി മണ്ഡപത്തിലേക്ക് എത്തിയ മുസ്‌കാന് ഒപ്പമുണ്ടായിരുന്നത് അന്‍പത് സൈനികരാണ്. പഞ്ചാബിലെ ഗ്രനേഡിയേഴ്സ് യൂണിറ്റിലെ സൈനികരായിരുന്നു ഇവര്‍. 2006-ല്‍ കശ്മീരിലെ ബാരാമുള്ളയില്‍ സുരേഷ് സിംഗ് ഭാട്ടിയോടൊപ്പം ഇവര്‍ സേവനമനുഷ്ഠിച്ചിരുന്നു.

‘അവര്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചപ്പോള്‍ എന്റെ കണ്ണുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞു,’ എന്നാണ് മുസ്‌കാന്റെ മുത്തശ്ശി കൃഷ്ണ ഭാട്ടി (75) പറഞ്ഞത്. വിവാഹദിനത്തില്‍ പേരക്കുട്ടിയെ അനുഗ്രഹിക്കാന്‍ അവരെല്ലാം അവിടെ ഉണ്ടാകുമെന്ന് അവള്‍ ഒരിക്കലും കരുതിയിരുന്നില്ല. ‘ഞങ്ങളുടെ ദാബ്ര ഗ്രാമത്തില്‍ നിന്നുള്ള നിരവധി പേര്‍ അവരെ കാണാന്‍ ഒത്തുകൂടി,’ എന്നാണ് വിവാഹ ദിനത്തിലെ ഈ സംഭവത്തോട് അവര്‍ പ്രതികരിച്ചത്.

വിവാഹത്തിന് ഒരു ആഴ്ച മുമ്പ് പഞ്ചാബ് യൂണിറ്റിലേക്ക് ഒരു ക്ഷണക്കത്ത് അയച്ചതായി മുസ്‌കാന്റെ പിതൃസഹോദരനായ പവന്‍ സിംഗ് ഭാട്ടി പറഞ്ഞു. ‘അവരില്‍ ഭൂരിഭാഗവും എന്റെ സഹോദരനൊപ്പം ജോലി ചെയ്തിരുന്നവരാണ്. അവരില്‍ ഒന്നോ രണ്ടോ പേര്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, പക്ഷേ അവരില്‍ പലരും – സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ പോലും എത്തി. അവരെ യൂണിഫോമില്‍ കണ്ടപ്പോള്‍, എന്റെ സഹോദരന്‍ മുസ്‌കാനെ അനുഗ്രഹിക്കാന്‍ അവിടെയുണ്ടെന്ന് തോന്നി,’ എന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് സഹോദരന്മാരില്‍ മൂത്തവനായ സുരേഷ് സിംഗ് ഭാട്ടി 10-ാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം 1997-ല്‍ ആണ് ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നത്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്ന് പരിശീലനം നേടി, തുടര്‍ന്ന് കശ്മീരില്‍ ലാന്‍സ് കോര്‍പ്പറലായി സേവനമനുഷ്ഠിച്ചു. ഈ സമയത്താണ് ഭീകരാക്രമണം നേരിടേണ്ടി വന്നത്. സുരേഷിന്റെ മൂത്തമകന്‍ ഹര്‍ഷും സൈനികനാണ്.

2006-ല്‍ തീവ്രവാദി ഏറ്റുമുട്ടലില്‍ പരിക്കേറ്റ് നാല് ദിവസത്തിന് ശേഷം മരണം സംഭവിച്ചതായി സഹോദരന്‍ പവന്‍ ഓര്‍മ്മിച്ചു. ‘അന്നുമുതല്‍ ഞാന്‍ എന്റെ സ്വന്തം മക്കളെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മക്കളെയും പരിപാലിച്ചു,’ എന്നും പവന്‍ പറഞ്ഞു.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സഹോദരന് ആവശ്യമായ അംഗീകാരം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് പരാതിപ്പെടുമ്പോഴും സൈനികര്‍ ചെയ്തത് പരാതികള്‍ പരിഹരിക്കുന്ന പ്രവര്‍ത്തിയായെന്നാണ് സുരേഷിന്റെ സഹോദരന്‍ പറയുന്നത്. വിരമിച്ച സൈനികര്‍ വരെയുള്ള സൈന്യം ആര്‍മി ബസിലാണ് വേദിയില്‍ എത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page