ആരാധകരെല്ലാം ഇരുകയ്യോടെ സ്വീകരിച്ച ചിത്രമായിരുന്നു കന്നട താരം ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങിയ കാന്താര. അതിലെ ദൈവിക കഥാപാത്രമാണ് എല്ലാവരേയും കൂടുതല്‍ ആകര്‍ഷിച്ചത്. കഥാപാത്രത്തിന്റെ ഭാവഭേദങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടത് കൂടിയാണ്.
എന്നാല്‍ ഇപ്പോള്‍ ഇതിലെ ദൈവവേഷത്തെ പരിഹാസ രൂപേണ അനുകരിച്ച് വിവാദത്തിലായിരിക്കുകയാണ് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. നവംബര്‍ 30 ന് ഗോവയില്‍ നടന്ന 56ാമത് ഐ.എഫ്.എഫ്.ഐ സമാപന വേദിയില്‍ വച്ചാണ് രണ്‍വീര്‍ സിംഗ് കാന്താര വേഷം അനുകരിച്ചത്. ഋഷഭ് ഷെട്ടി വേദിയിലിരിക്കെയായിരുന്നു പ്രകടനം. ദൈവത്തെ ആവാഹിക്കുന്ന രംഗം രണ്‍വീര്‍ തമാശരൂപേണ വേദിയില്‍ അവതരിപ്പിക്കുകയായിരുന്നു. പ്രേക്ഷകര്‍ കാന്താരയുടെ മൂന്നാം ഭാഗത്തില്‍ അദ്ദേഹത്തിനെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും രണ്‍വീര്‍ വേദിയില്‍ ചോദിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചും ആരാധകര്‍ പോസ്റ്റിട്ടു.
അതോടൊപ്പം തന്നെ ചാമുണ്ഡി ദൈവത്തെ ഋഷഭ് അവതരിപ്പിച്ചതിനെ രണ്‍വീര്‍ പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ കാന്താര വേഷത്തെ നടന്‍ ‘കോമാളിയാക്കി’ അവതരിപ്പിച്ചുവെന്ന വിമര്‍ശനങ്ങള്‍ ഉയരുകയും ഒപ്പം അനുകരണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ രണ്‍വീര്‍ സിംഗ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തി.
‘സിനിമയിലെ ഋഷഭിന്റെ അവിശ്വസനീയമായ പ്രകടനം എടുത്തുകാണിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. ആ പ്രത്യേക രംഗം അദ്ദേഹം ചെയ്ത രീതിയില്‍ അവതരിപ്പിക്കാന്‍ എത്രമാത്രം കഠിനാദ്ധ്വാനം ആവശ്യമാണെന്ന് എനിക്കറിയാം, അതിന് അദ്ദേഹത്തിന് എന്റെ അങ്ങേയറ്റം ആരാധനയുണ്ട്.’
‘നമ്മുടെ രാജ്യത്തെ എല്ലാ സംസ്‌കാരത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയും ഞാന്‍ എപ്പോഴും ആഴത്തില്‍ ബഹുമാനിച്ചിട്ടുണ്ട്. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍, ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു,’ എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രണ്‍വീര്‍ കുറിച്ചു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ പുതിയ ചിത്രം ധുരന്ധര്‍ -നെ പ്രോത്സാഹിപ്പിക്കുന്ന രണ്‍വീര്‍ സിംഗ് കാന്താരയിലെ ദൈവ രംഗത്തെ പരിഹാസത്തോടെ അനുകരിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.
ഒരു ഉപയോക്താവ് ഇങ്ങനെ എഴുതി: ‘രണ്‍വീര്‍ സിംഗ് സിനിമ ധുരന്ധറിനെ ബഹിഷ്‌കരിക്കുക. ദേവിയെയും ദൈവത്തെയും അദ്ദേഹം കളിയാക്കരുത്.’
‘ഇതുകൊണ്ടാണ് മഹാമാരിക്ക് മുമ്പ് ശ്രദ്ധ നേടിയ, കച്റാവുഡില്‍ നിന്ന് ഇപ്പോഴും പ്രശസ്തി മുറുകെ പിടിക്കുന്ന വിഡ്ഢികളെ എല്ലാവരും പുച്ഛിക്കുന്നത്. അയാള്‍ എന്തൊരു വിഡ്ഢിയാണ്’ എന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു.
‘അടുത്ത കാന്താര സിനിമയില്‍ രണ്‍വീറിനെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ് മറ്റൊരു കമന്റ്.
‘അദ്ദേഹത്തിന്റെ ഉദ്ദേശ്യം തെറ്റായിരുന്നില്ല, പക്ഷേ ദൈവത്തെ ഒരു ‘സ്ത്രീ പ്രേതം’ എന്ന് പരാമര്‍ശിക്കുകയും ഷൂ ധരിച്ച് ആ പ്രവൃത്തി പൊതുവേദിയില്‍ അവതരിപ്പിക്കുകയും ചെയ്തത് പലരെയും ഞെട്ടിച്ചു.







