മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുമായുള്ള വിവാഹം മാറ്റി വച്ചതിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് സംഗീത സംവിധായകന്‍ പലാഷ് മുച്ചല്‍. തിങ്കളാഴ്ച, അമ്മ അമിതയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് മുംബൈ വിമാനത്താവളത്തില്‍ പലാഷ് എത്തിയത്. കുടുംബത്തിനൊപ്പം വിനോദയാത്രയ്ക്ക് പോവുകയാണെന്നാണ് പുറത്തുവരുന്ന വിവരം. വിനോദയാത്രയുടെ നിരവധി ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.
വീഡിയോയില്‍, കറുത്ത പൈജാമയും കറുത്ത ഷര്‍ട്ടും ജാക്കറ്റും ധരിച്ച് കൈയില്‍ ഒരു പുസ്തകവുമായി പലാഷ് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കുന്നത് കാണാം. സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമ്മ തന്റെ കാലില്‍ തൊടുന്ന ഒരാളുമായി സംസാരിക്കുന്നതും കാണാം.
താരത്തെ പൊതുവേദിയില്‍ കണ്ടതോടെ പാപ്പരാസികള്‍ അദ്ദേഹത്തിന് ചുറ്റും കൂടി. എല്ലാവരോടും സൗമ്യമായി ചിരിച്ചാണ് പലാശ് ഇടപഴകിയതെങ്കിലും പ്രതികരണങ്ങള്‍ക്ക് തയാറായില്ല.
നവംബര്‍ 23ന് മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് വിവാഹ വേദിയില്‍ വച്ച് പെട്ടെന്ന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പലാശിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം സാംഗ്ലിയിലെ ആശുപത്രിയിലും പിന്നീട് മുബൈയിലെ ആശുപത്രിയിലുമാണ് പലാശിനെ പ്രവേശിപ്പിച്ചത്. ശ്രീനിവാസിനെയും പലാശിനെയും ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും വിവാഹക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
വിവാഹം മാറ്റിവച്ചതിന് പിന്നാലെ പ്രീവെഡിങ് വിഡിയോകള്‍ ഉള്‍പ്പെടെ സ്മൃതി സമൂഹമാധ്യമങ്ങളില്‍നിന്നു നീക്കിയിരുന്നു. ഇതിനു പുറമെ പലാശ് മറ്റൊരു യുവതിയുമായി നടത്തിയതെന്ന് കരുതുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എന്ന പേരില്‍ ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ സ്മൃതിയും പലാശും തമ്മിലുള്ള ബന്ധം പിരിഞ്ഞതായും പലാഷ് സ്മൃതിയെ വഞ്ചിച്ചതായുമുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നു. എന്നാല്‍ ഇത്തരം ഊഹാപോഹങ്ങള്‍ക്ക് മറുപടി നല്‍കാതെ മൗനം പാലിക്കുകയായിരുന്നു സ്മൃതിയും പലാഷും.
അതിനിടെ കഴിഞ്ഞദിവസം ഇരുവരും ഒരേരീതിയിലുള്ള ഇമോട്ടിക്കോണ്‍ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം ബയോ അപ്‌ഡേറ്റ് ചെയ്തതോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പലാശ് പൊതുയിടത്തില്‍ പ്രത്യക്ഷപ്പെട്ടത്.







