പൊക്കമില്ലാത്തത് ഒരു പ്രശ്‌നമാണോ? നീണ്ടകാലത്തെ നിയമ യുദ്ധത്തിനുശേഷം ഡോക്ടറാകാനുള്ള തന്റെ ആഗ്രഹം നിറവേറ്റിയ സന്തോഷത്തില്‍ ഗണേഷ് ബരയ്യ

മുംബൈ: പൊക്കമില്ലാത്തതിനെ തുടര്‍ന്ന് പഠനം പോലും വഴി മുട്ടി, ഇപ്പോള്‍ തന്റെ സ്വപ്‌നം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തില്‍ ഗുജറാത്തില്‍ നിന്നുള്ള ഒരു യുവാവ്. നീണ്ടകാലത്തെ നിയമ യുദ്ധത്തിനുശേഷം ഡോക്ടറാകാനുള്ള തന്റെ ആഗ്രഹം നിറവേറ്റിയ സന്തോഷത്തിലാണ് ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലെ ഗോര്‍ഖി ഗ്രാമത്തില്‍ നിന്നുള്ള ഗണേഷ് ബരയ്യ എന്ന 25കാരന്‍. മൂന്ന് അടി ഉയരവും 20 കിലോഗ്രാം ഭാരവുമുള്ള ഗണേഷ് എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ജോലിയില്‍ പ്രവേശിച്ചു.

ഡോക്ടറാകണമെന്ന തന്റെ ആഗ്രഹം നിറവേറ്റാന്‍ സുപ്രീം കോടതി വരെ പോരാടിയ ഗണേഷ് കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഡിക്കല്‍ ഓഫീസര്‍ എന്ന നിലയില്‍ തന്റെ ആദ്യ പോസ്റ്റിംഗ് നേടിയത്. കുള്ളന്‍ രോഗവും 72% ചലന വൈകല്യവുമുള്ള, മെഡിക്കല്‍ ഓഫീസര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ നിയമനം, വര്‍ഷങ്ങളുടെ പോരാട്ടത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വിജയമാണ്. വൈദ്യശാസ്ത്രം പഠിക്കണമെന്ന അതിയായ ആഗ്രഹത്തിനു ലഭിച്ച സമ്മാനവും. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച ഗണേഷിന് ഏഴ് സഹോദരിമാർ ഉണ്ട്.

ശമ്പളം ലഭിച്ചതിനുശേഷം തന്റെ ആദ്യ ലക്ഷ്യം ഒരു വീടാണെന്ന് അദ്ദേഹം പറയുന്നു. ‘എന്റെ കുടുംബം ഇപ്പോഴും ഒരു പുല്ലുമേഞ്ഞ വീട്ടിലാണ് താമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു ഇഷ്ടിക വീട് പണിയുക എന്നതാണ് എന്റെ സ്വപ്നം. വീട് പണി തുടങ്ങിയിരുന്നുവെങ്കിലും പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ നിര്‍മ്മാണം പലതവണ നിര്‍ത്തിവച്ചു. ഇപ്പോള്‍ ജോലി ലഭിച്ചതിനാല്‍ തന്റെ വരുമാനം കൊണ്ട് അത് പൂര്‍ത്തിയാക്കാന്‍ കഴിയും,’ എന്നു ഗണേഷ് ആശ്വസിക്കുന്നു.

കുട്ടിക്കാലം മുതലുള്ള മെഡിക്കല്‍ പഠനം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള അദ്ദേഹത്തിന്റെ യാത്ര കഠിനമായിരുന്നു. ഉയരമില്ലായ്മ , ലളിതമായ ക്ലാസ് മുറി പ്രവര്‍ത്തനങ്ങള്‍ എന്നിവ വെല്ലുവിളി നിറഞ്ഞതാക്കി. എന്നിരുന്നാലും സഹപാഠികളും അധ്യാപകരും അദ്ദേഹത്തെ വളരെയധികം പിന്തുണച്ചു. അനാട്ടമി ക്ലാസുകളില്‍, പ്രൊഫസര്‍മാരും സഹപാഠികളും അദ്ദേഹത്തിന് മുന്‍നിര സീറ്റ് തന്നെ നല്‍കി. ശസ്ത്രക്രിയ സന്ദര്‍ഭങ്ങളില്‍, സുഹൃത്തുക്കള്‍ അദ്ദേഹത്തെ തോളിലേറ്റുകയും ശസ്ത്രക്രിയാ ടേബിളുകള്‍ക്ക് മുകളില്‍ നിന്നുകൊണ്ട് നടപടിക്രമങ്ങള്‍ നിരീക്ഷിക്കുകയുമായിരുന്നു.

എംബിബിഎസ് സീറ്റിലേക്കുള്ള ബരയ്യയുടെ പാതയും അസാധാരണമായിരുന്നു. ഉയരം കുറവായതിനാല്‍ എംബിബിഎസ് പഠിക്കുന്നതില്‍ നിന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അയോഗ്യനാക്കിയെങ്കിലും അദ്ദേഹം തളര്‍ന്നില്ല. തുടര്‍ന്ന് അദ്ദേഹം തന്റെ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സഹായം സ്വീകരിച്ചു, സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെയും ജില്ലാ അധികൃതരെയും സമീപിച്ചു, തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ കേസ് തോറ്റുപോയി. ഇത്രയുമൊക്കെയായിട്ടും പ്രതീക്ഷ കൈവിടാതെ അദ്ദേഹം ഒടുവില്‍ സുപ്രീം കോടതിയെ സമീപിച്ചു. 2018 ല്‍ സുപ്രീംകോടതി അനുകൂല വിധി പുറപ്പെടുവിച്ചു.

2018 ല്‍ സുപ്രീം കോടതി ഗണേഷിന് എംബിബിഎസ് കോഴ്‌സിലേക്ക് പ്രവേശനം നല്‍കാമെന്ന് വിധിച്ചു. എന്നാല്‍ ആ വര്‍ഷത്തെ പ്രവേശനം അവസാനിച്ചതിനാല്‍, 2019 ബാച്ചില്‍ ചേര്‍ന്ന് പഠിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അങ്ങനെ ഭാവ് നഗറിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു, അവിടെയാണ് അദ്ദേഹത്തിന്റെ മെഡിക്കല്‍ പഠന യാത്ര ആരംഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

‘എന്റെ സുഹൃത്തുക്കളും പ്രൊഫസര്‍മാരും എല്ലാ ഘട്ടത്തിലും എന്നെ സഹായിച്ചു. എന്റെ ഉയരം എന്റെ പഠനത്തെ പരിമിതപ്പെടുത്താന്‍ അവര്‍ ഒരിക്കലും അനുവദിച്ചില്ല,’ എന്ന് ഗണേഷ് പറയുന്നു.

ഉയരമില്ലായ്മയ്‌ക്കൊപ്പം ഡോക്ടറുടെ മൃദുവായ, കുട്ടിത്തം നിറഞ്ഞ ശബ്ദവും രോഗികളെ പലപ്പോഴും അത്ഭുതപ്പെടുത്തുന്നു. പക്ഷേ അവരുടെ മടി അധികകാലം നിലനില്‍ക്കില്ലെന്നും ഒരു ഡോക്ടറാകാന്‍ താന്‍ കടന്നുപോയ വഴികളെ കുറിച്ച് കേട്ടുകഴിഞ്ഞാല്‍, അവര്‍ തന്നെ പൂര്‍ണ്ണമായും വിശ്വസിക്കുമെന്ന ആത്മവിശ്വാസവും ഗണേഷ് പ്രകടപ്പിക്കുന്നു.

പീഡിയാട്രിക്‌സ്, ഡെര്‍മറ്റോളജി അല്ലെങ്കില്‍ റേഡിയോളജി എന്നീ മേഖലകളില്‍ വൈദഗ്ദ്ധ്യം നേടാനാണ് ബരയ്യയുടെ ആഗ്രഹം. ആ മേഖലയില്‍ തനിക്ക് വളരെയധികം സംഭാവന നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page