ന്യൂയോര്‍ക്ക്: കൂടുതല്‍ വ്യൂവിനും ലൈക്കിനും വേണ്ടി സമൂഹ മാധ്യമങ്ങളില്‍ കോപ്രായങ്ങള്‍ കാണിക്കുന്നത് ചിലര്‍ പതിവാക്കിയിരിക്കുകയാണ്. തങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇടുന്ന നല്ലതും ചീത്തയുമായതെല്ലാം ആളുകള്‍ ഏറ്റെടുക്കുമെന്ന ധാരണയാണ് ഇക്കൂട്ടര്‍ക്ക്. അത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ കാണുന്ന ഒരു ദൃശ്യം ഇപ്പോള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
കൂടുതല്‍ വ്യൂവിനും ലൈക്കിനും വേണ്ടി വീടില്ലാതെ തെരുവില്‍ കഴിയുന്ന ആളുകള്‍ക്ക് വാക്കത്തികളും മദ്യവും നല്‍കിയതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയാണ് ‘പോവ് വോള്‍ഫി’ എന്ന് വിളിക്കപ്പെടുന്ന ടിക് ടോക്കര്‍ കീത്ത് കാസ്റ്റിലോ. ഇന്‍സ്റ്റാഗ്രാമില്‍ 53,000-ത്തിലധികം ഫോളോവേഴ്സ് ആണ് ഈ ടിക് ടോക്കര്‍ക്ക് ഉള്ളത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള തെരുവില്‍ കഴിയുന്ന ആളുകള്‍ക്ക് വാക്കത്തികളും മദ്യക്കുപ്പികളും വിതരണം ചെയ്യുന്നതിന്റെ വീഡിയോകള്‍ പങ്കുവെച്ചതിന് പിന്നാലെയാണ് വ്യാപക വിമര്‍ശങ്ങള്‍ ഉയര്‍ന്നത്.
വീടില്ലാത്തവര്‍ക്ക് ചെറിയ വിസ്‌കി കുപ്പികളോ പായ്ക്ക് ചെയ്ത വാക്കത്തികളോ അല്ലെങ്കില്‍ രണ്ടും നല്‍കുന്നതായി അദ്ദേഹത്തിന്റെ വീഡിയോകളില്‍ കാണാം. എല്ലാ വീഡിയോകളിലും ഒരേ വാചകം തന്നെയാണ് ഉള്ളത്്, ‘വീടില്ലാത്തവരെ തെരുവുകളില്‍ നിര്‍ത്തുക’ എന്നാണ് അത്.
വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ അതിനോടുള്ള ടിക് ടോക്കറുടെ പ്രതികരണം വീണ്ടും പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുകയാണ്. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളൊന്നും പ്രശ്‌നമല്ല, താനതൊന്നും കാര്യമാക്കുന്നില്ല, ഇതെല്ലാം വ്യൂവിന് വേണ്ടി ചെയ്യുന്നതാണ് എന്നായിരുന്നു കാസ്റ്റിലോയുടെ പ്രതികരണം.
കാസ്റ്റിലോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്നും നടപടി വേണമെന്നുമാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റ് നല്‍കിയിരിക്കുന്നത്. അതുപോലെ തന്നെ ആ മദ്യവും വാളും നല്‍കിയവരില്‍ മാനസികാരോഗ്യത്തിന് പ്രശ്‌നമുള്ളവരുണ്ടെങ്കില്‍ അതുണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ എത്രമാത്രം വലുതായിരിക്കും എന്നാണ് മറ്റ് ചിലര്‍ ചോദിച്ചിരിക്കുന്നത്. ഇത് മൂലം എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിന്റെയെല്ലാം ഉത്തരവാദി കാസ്റ്റിലോ മാത്രമായിരിക്കും എന്നും ചിലര്‍ പറയുന്നു.
വടിവാളുകളും മദ്യവും നല്‍കുന്നത് നിയമവിരുദ്ധമല്ലെന്ന് അധികാരികള്‍ തന്നോട് പറഞ്ഞതായാണ് കാസ്റ്റിലോ പറയുന്നത്. ആയുധങ്ങള്‍ ലഭിച്ച ആളുകള്‍ ആരെയും ഉപദ്രവിക്കില്ലെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. തന്റെ കാറില്‍ 30 വാക്കത്തികളാണ് ഇപ്പോഴുള്ളതെന്നും കാസ്റ്റിലോ മാധ്യമങ്ങളോട് പറഞ്ഞു.
പതിവായി ഒരു സ്ഥലത്ത് തന്നെ താമസിക്കാതെ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മറ്റൊരു സ്ഥലം തേടി പോവുകയാണ് തന്റെ രീതിയെന്നും ഉടന്‍ തന്നെ വെഗാസിലേക്കും, സ്‌കിഡ് റോയിലേക്കും പോകുമെന്നും ജനുവരിയില്‍ ന്യൂയോര്‍ക്കില്‍ തിരിച്ചെത്തണമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അവിടെ കുറേ സുഹൃത്തുക്കള്‍ ഉണ്ടെന്നും കാസ്റ്റിലോ കൂട്ടിച്ചേര്‍ത്തു.







