ധർമ്മശാല:
പറശ്ശിനി മടപ്പുര മുത്തപ്പൻ പുത്തരി തിരുവപ്പന ഉത്സവത്തിന് ഡിസംബർ രണ്ടിന് (ചൊവ്വാഴ്ച ) കൊടിയേറും. രാവിലെ 9.47നും 10.10നും ഇടയിൽ പി എം സതീശൻ മടയന്റെ സാന്നിധ്യത്തിൽ മാടമനയില്ലത്ത് നാരായണൻനമ്പൂതിരി കൊടിയുയർത്തും. ഉച്ചക്ക് പറശ്ശിനിത്തറവാട്ടിലെ മുതിർന്ന സ്‌ത്രീ നിവേദ്യസാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കും. വൈകുന്നേരം മൂന്നിന് മലയിറക്കൽ. 3.30മുതൽ കണ്ണൂർ തയ്യിൽ തറവാട്ടുകാരുടെ കാഴ്ചവരവ് . സന്ധ്യക്ക് ദീപാരാധനയോടെ മുത്തപ്പൻ വെള്ളാട്ടം. രാത്രി 10ന് അന്തിവേല. 11ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കലശമെഴുന്നള്ളിപ്പ്.
ബുധൻ പുലർച്ചെ 5.30ന് തിരുവപ്പന വെള്ളാട്ടം ആരംഭിക്കും. 5, 6 തീയതികളിൽ രാത്രി പറശ്ശിനി മുത്തപ്പൻ കഥകളി യോഗത്തിന്റെ കഥകളി. ശനി രാവിലെ കലശാട്ടത്തോടെ മഹോത്സവത്തിന് കൊടിയിറങ്ങും. തുടർന്ന് ദിവസവും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടാകു മെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയന്ത്രണമുള്ളതിനാൽആചാരപ്രകാരമുള്ള കരിമരുന്ന് പ്രയോഗം ഇത്തവണയും ഉണ്ടാകില്ലെന്നു കൂട്ടിച്ചേർത്തു.







