കാസര്‍കോട്: ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയും ഉദുമ ആറാട്ടുകടവ് മാളിയക്കാല്‍ മുരളീധരന്റെ മകനുമായ അഭിഷേക് (17) വയറുവേദനയെത്തുടര്‍ന്ന് അന്തരിച്ചു.
ഇന്നലെ രാവിലെ സ്‌കൂളില്‍ വച്ച് അസുഖം രൂക്ഷമായതിനാല്‍ മംഗളൂരുവിലെത്തിക്കുകയായിരുന്നു. അവിടെ അടിയന്തര പരിശോധനകളും ചികിത്സയും തുടരുന്നതിനിടയില്‍ മരണപ്പെട്ടു.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും അതീവ തല്‍പ്പരനും എല്ലാവര്‍ക്കും പ്രത്യേകിച്ചു നാട്ടുകാര്‍ക്കും പ്രിയങ്കരനുമായിരുന്ന അഭിഷേകിന്റെ വേര്‍പാട് വീട്ടുകാരെയും നാട്ടുകാരെയും സഹപാഠികളെയും വിഷമിപ്പിക്കുന്നു. നാട്ടിലെത്തിച്ച മൃതദേഹം ആറാട്ടുകടവ് അഭിമന്യു വായനശാലയില്‍ പൊതുദര്‍ശനത്തിനു വച്ചു. നാട്ടുകാര്‍ അഭിഷേകിനു അന്ത്യാജ്ഞലി അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. തുടര്‍ന്നു സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. മൂന്നു ദിവസം മുമ്പാണ് അഭിഷേകിനു ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ചികിത്സയിലായിരുന്ന അഭിഷേകിന് അസുഖം നേരിയതോതില്‍ കുറവുണ്ടായതിനെതുടര്‍ന്ന് ഇന്നലെ സ്‌കൂളിലെത്തിയെങ്കിലും രോഗനിലരൂക്ഷമാവുകയായിരുന്നു. മാതാവ്: ശ്രീലത. സഹോദരി: അര്‍പ്പിത.







