കുര്‍ണൂല്‍(ആന്ധ്രപ്രദേശ്): കുര്‍ണൂല്‍ ജില്ലയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് കുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ യെമ്മിഗനൂര്‍ മണ്ഡലത്തിലെ കൊട്ടെക്കല്‍ ഘട്ടിലെ വളവില്‍ ആണ് അപകടം. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ചിക്കഹൊസള്ളിയിലെ വെങ്കിടേശം (76), മകള്‍ മീനാക്ഷി (32), ഭര്‍ത്താവ് സതീഷ് (34), ഇവരുടെ മക്കളായ റിത്വിക് (4), ബണ്ണിത്ത് (5) എന്നിവരാണ് മരിച്ചത്. വെങ്കിടേശിന്റെ ഭാര്യ ഗംഗമ്മയും കാര്‍ ഡ്രൈവര്‍ സുരേഷും ഗുരുതരമായി പരിക്കേറ്റ് യെമ്മിഗനൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. യെമ്മിഗനൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇവര്‍. കനത്തമഞ്ഞും, കുത്തനെയുള്ള വളവും അപകടത്തിന് കാരണമായി. മരണത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ഉടനടി വൈദ്യസഹായം ഉറപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കുമെന്നും ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







