കാസർകോട്: മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കരൾ മാറ്റ ശസ്ത്രക്രിയക്കായി എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 17കാരൻ മരിച്ചു. മൊഗ്രാൽ നട്പ്പളം സലാമത്ത് നഗർ സ്വദേശി ഫൈസൽ ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. മൊഗ്രാൽ ജി. വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മൂന്നുമാസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. പിന്നീട് പനി മൂർച്ഛതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ കരളിന് അസുഖം ബാധിച്ചതായി കണ്ടെത്തി. കരൾ മാറ്റിവെക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്ന് നാട് കൈകോർത്ത് 20ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി സ്വരൂപിച്ചിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. ഹംസയുടെയും ഫാത്തിമയുടെയും മകനാണ്. സവാദ്, ശബാന, തസ്‌നി, ഷാജി, ഷംസു, ഷാഹി എന്നിവർ സഹോദരങ്ങളാണ്. വൈകുന്നേരം മൃതദേഹം നാട്ടിലെത്തിക്കും. സംസ്‍കാരം തുടർന്ന് നടക്കും.







