കാസര്‍കോട്: ജോലിക്ക് പോകുന്നതിനിടയില്‍ ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. ബേക്കല്‍, ഹോട്ടല്‍വളപ്പ് ഹൗസിലെ പരേതനായ ദാസന്റെ മകന്‍ ഡി പ്രകാശ് (46) ആണ് വ്യാഴാഴ്ച രാത്രി ജനറല്‍ ആശുപത്രിയില്‍ മരിച്ചത്.
ജൂണ്‍ ആറിനു പുലര്‍ച്ചെയാണ് പ്രകാശിനെ ലോറിയിടിച്ചത്. മത്സ്യബന്ധനത്തിനു പോകുന്നതിനിടയില്‍ അമിതവേഗതയിലെത്തിയ ലോറിയിടിച്ചാണ് പരിക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗ്‌ളൂരുവിലെ ആശുപത്രിയിലും മാസങ്ങളോളം ചികിത്സ നല്‍കിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതേതുടര്‍ന്നാണ് ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. അപകടം സംബന്ധിച്ച് ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. നളിനിയാണ് പ്രകാശന്റെ മാതാവ്. സഹോദരങ്ങള്‍: പ്രദീപ്, പ്രീത.







