യശോധര ….വിജയ പ്രഭയിൽ ഭൂമിയിൽ പതിഞ്ഞ നിഴൽ

ജോയ്‌സ് വർഗീസ് (കാനഡ)

563 ബി സി ഇ യിൽ കോയില രാജാവ് സുപ്പബുദ്ധക്കു പിറന്ന മകൾ. ആ രാജകുമാരിക്കു ‘യശസ്സിനെ പരിരക്ഷിക്കുന്ന ‘ എന്നർത്ഥമുള്ള ‘യശോധര ‘ എന്ന പേരു നൽകി.
പൗർണമി ചന്ദ്രികയെ വെല്ലുവിളിക്കുന്ന അവളുടെ സൗന്ദര്യം ഏറെ പ്രകീർത്തിക്കപ്പെട്ടു.
അവൾക്ക് അനുയോജ്യനായ വരൻ കോസല രാജകുമാരനായ സിദ്ധാർഥൻ അല്ലാതെ മറ്റാരുമല്ലെന്നു പ്രബലരായ രണ്ടു രാജകുടുംബങ്ങളും തീരുമാനിച്ചു. ലുംബിയിലെ ശൈഖ രാജവംശജനായ സിദ്ധാർഥൻ സുയോധന രാജാവിന്റെ മകനും കിരീടാവകാശിയുമായിരുന്നു.
കേവലം പതിനാറാം വയസ്സിൽ അത്ര തന്നെ പ്രായമുള്ള രാജകുമാരന്റെ പത്‌നിയായി യശോധര. സുന്ദരനും മിതഭാഷിയുമായിരുന്ന സിദ്ധാർത്ഥ രാജകുമാരൻ ഭാര്യയെ സ്നേഹിച്ചിരുന്നു. പക്ഷെ പ്രായത്തിൽ കവിഞ്ഞ ചിന്താധാരകളിൽ മുഴുകിയിരുന്ന സിദ്ധാർഥൻ ലൗകിക സുഖങ്ങളിൽ അതിയായ താൽപര്യം കാണിച്ചില്ല.

യശോധരയുടെ മേനിയിൽ ആടയാഭരണങ്ങൾ ചാർത്തുന്ന തോഴിമാർ,
വ്യഥയിൽ നുറുങ്ങുന്ന യശോധരയുടെ ഭാവങ്ങൾ കണ്ടു വ്യസനം പകുത്തു.

രാജകുമാരൻ യശോധരയോടൊപ്പം അറയിൽ കൂടുതൽ സമയം ചിലവഴിക്കാത്തതെന്തെന്ന് കൊട്ടാരവാസികൾ അടക്കം പറഞ്ഞു. തനിക്ക് ചുറ്റുമുള്ള ലോകത്തിന്റെ ദുഃഖം വേട്ടയാടിക്കൊണ്ടിരുന്ന സിദ്ധാർഥന്റെ മനസ്സ് ഭാര്യയിൽ നിന്നും അകന്നു തുടങ്ങിയിരുന്നു.
അയാളെക്കുറിച്ചുള്ള പ്രവചനം യാശോധരയുടെ മനസ്സിന്റെ കോണിൽ കുരുക്കഴിയാത്ത സമസ്യയായി കെട്ടുപ്പിടഞ്ഞു.
‘ അയാൾ കൊട്ടാരത്തിലാണ് ജീവിക്കുന്നതെങ്കിൽ ലോകം ഭരിക്കുന്നവനാകും. കൊട്ടാരത്തിനു പുറത്താണ് ജീവിക്കുന്നതെങ്കിൽ ലോകം കണ്ടേക്കാവുന്ന ഏറ്റവും വലിയ ആത്മീയാചാര്യനാകും. ‘

പ്രവചനങ്ങളുടെ സത്യവും മിഥ്യയും വേർതിരിച്ചെടുക്കാൻ കഴിയാതെയവൾ മോഹഭംഗങ്ങളുടെ കടലാഴങ്ങളിൽ മുങ്ങിത്താഴാൻ തുടങ്ങിയിരുന്നു.

തങ്ങളുടെ ഇരുപത്തിയൊമ്പതാം വയസ്സിൽ ജനിച്ച പുത്രന് രാഹുലയെന്ന് പേരു നൽകി. തൊട്ടിലിൽ ഉറങ്ങുന്ന പൈതലിനെ അനുഗ്രഹിച്ചു, ശയ്യാഗൃഹത്തിൽ ഉറങ്ങിക്കിടന്നിരുന്ന യശോധരയോട് യാത്രാമൊഴി ചൊല്ലാതെ സിദ്ധാർഥൻ കൊട്ടാരം വിട്ടിറങ്ങി. അവളോടു ഒരു വാക്കുപ്പോലും ഉരിയാടാതെ ഇറങ്ങിപ്പോയത്, അനേകരുടെ ദുഃഖത്തിന് അറുതി വരുത്തുവാനായിരിക്കും. എങ്കിലും ഭർത്താവിന്റെ സാമീപ്യം എന്നന്നേക്കുമായി നഷ്ടപ്പെടുന്ന ഭാര്യയോടു ഒരു വാക്ക് പറയാതെ പോയത് എന്തുകൊണ്ടാണെന്ന് അവൾ കടലിലെ തിരകളേക്കാളധികം പ്രാവശ്യം ആലോചിച്ചുക്കൊണ്ടിരുന്നു.
വിവാഹശേഷം വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കുരുന്നിനു പിതാവിന്റെ ലാളന നഷ്ടപ്പെടുന്നതിൽ അവളുടെ മനം നൊന്തു.

ഗയയിൽ വെച്ചു ജ്ഞാനോദയം ലഭിച്ച സിദ്ധാർഥൻ, ശ്രീ ബുദ്ധനായി. അനേകായിരം മനുഷ്യരുടെ ദുഃഖങ്ങൾക്ക് ചെവിക്കൊടുത്തു. ലളിതമായ ജീവിതവും ഫലേച്ഛയില്ലാത്ത കർമ്മവും അഹിംസയും ശ്രീ ബുദ്ധന്റെ പ്രഭാഷണങ്ങളിൽ നിറഞ്ഞു. കരയും കടലും കടന്ന്
ശ്രീ ബുദ്ധന്റെ തത്വചിന്തകൾ പ്രചരിച്ചു.

നാശം വിതക്കുന്ന യുദ്ധവും അതുമൂലമുള്ള ചോരചിന്തലും കണ്ണീരും വേദനയും വൃഥാവിലെന്ന് പല രാജാക്കന്മാരും ശ്രീബുദ്ധനിലൂടെ തിരിച്ചറിഞ്ഞു.

മഹത്തായ സന്ദേശം, ലോകത്തിന് നൽകാൻ കഴിഞ്ഞെങ്കിലും അതു വിരഹം തളർത്തിയ യശോധരയുടെ കണ്ണീരിന്റെ വില കൂടിയായിരുന്നു. യശോധര, ഏതൊരു ഭാര്യയേയും പോലെ ഭർത്താവിന്റെ പരിലാളനം ആഗ്രഹിച്ചിരുന്നില്ലെ?

പാലി ലിപിയിൽ, സൂക്തങ്ങൾ കരിങ്കൽ സ്തൂപങ്ങളിൽ ആലേഖനം ചെയ്യപ്പെട്ടു. അതിനിടയിൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീയുടെ മനസും പതിയെ വികാരങ്ങളുറഞ്ഞ കരിങ്കല്ലായി മാറിയിരുന്നു.

സമ്പന്നരായ യശോധരയുടെ കുടുംബം, അവളോടു ഭർതൃഗൃഹത്തിൽ നിന്നും തിരിച്ചു വരാനും തങ്ങളോടൊപ്പം താമസിക്കാനും അപേക്ഷിച്ചു. എന്നാലവളത് സ്നേഹപൂർവ്വം നിരസ്സിച്ചു.
സിദ്ധാർഥന്റെ ഓർമ്മകളിൽ ജീവിക്കാനുള്ള ആഗ്രഹമായിരുന്നോ അതോ തന്നെ ഒററയ്ക്കാക്കി പോയയാളോടുള്ള പകയായിരുന്നോ അവളെ ആ തീരുമാനമെടുപ്പിച്ചത് ?

പതിയെ യശോധരയും മകനും ബുദ്ധമതചിന്തകളാൽ
ആകൃഷ്ടരായി. ദുഃഖത്തിനോടു
സന്ധിച്ചെയ്യുന്ന മാനസികാവസ്ഥയിലേക്കു യശോദരയും എത്തിച്ചേർന്നിരിക്കണം. നമ്മളിന്നതിനെ ട്രോമ ബോണ്ട് എന്നു വിശേഷിപ്പിക്കുന്നു.

കപിലവസ്തുവിൽ ശ്രീ ബുദ്ധൻ വരുമെന്നറിഞ്ഞ മകൻ രാഹുല അദ്ദേഹത്തെ പോയി കാണണമെന്ന് ശാഠ്യം പിടിച്ചു. രാഹുലയ്ക്കു പോകാൻ അനുമതി നൽകിയ യശോധര തന്നെ വന്നു കാണാൻ പിതാവിനോടു അപേക്ഷിക്കണമെന്നു പറഞ്ഞു. ഒരിക്കലെങ്കിലും ജയിക്കണമെന്ന് യാശോധരക്കു തോന്നിയിരിക്കാം.

മകന്റെ ആവശ്യം അംഗീകരിച്ചു, ശ്രീ ബുദ്ധൻ യശോധരയെ കാണാനെത്തി. യശോധര കടന്നുപോകുന്ന വിരഹവും ദുഃഖവും ഭർതൃപിതാവായ രാജാവ് സുയോധനൻ മകൻ സിദ്ധാർഥനെ പറഞ്ഞുകേൾപ്പിച്ചു.

മുജ്ജന്മങ്ങളിലെ പാപം അനുഭവിച്ചു തീർക്കുന്നതാണെന്നായിരുന്നു ശ്രീ ബുദ്ധന്റെ മറുപടി. തിരസ്ക്കരണത്തിനുള്ള ഉത്തരവും അവരുടെ വിശ്വാസവുമായിരുന്നു.

പിന്നീടു യശോധര ബുദ്ധഭിക്ഷുകിയായി ജീവിയ്ക്കാൻ തുടങ്ങി. രാജകീയ ഉടയാടകൾ അഴിച്ചുവെച്ച അവൾ പീതവസ്ത്രധാരിയായി. നിറം മങ്ങിയ വസ്ത്രങ്ങൾ അവളുടെ മങ്ങിപ്പോയ മോഹങ്ങളുടെ അടയാളങ്ങളായി.

തന്റെ എഴുപത്തിയെട്ടാം വയസ്സിൽ അവർ നിർവാണം പ്രാപിച്ചുവെന്ന് ചരിത്രം പറയുന്നു. പ്രപഞ്ചത്തിന്റെ അവസ്ഥയെ ശരിയായ രീതിയിൽ മനസ്സിലാക്കുന്ന ‘അർഹത് ‘ എന്ന ഭിക്ഷുക്കളുടെ തുടക്കം അവരിൽ നിന്നായിരുന്നുവെന്നു പറയുന്നു.

പാപങ്ങൾ അനുഭവിച്ചു തീർന്നു, ആത്മാവിനെ സ്വതന്ത്രമാക്കുന്ന നിർവാണം. ഇനി അവർക്ക് പരിത്യക്തയുടെ ജന്മമെടുക്കേണ്ടി വരില്ലെന്ന്, ബുദ്ധമതവിശ്വാസം ഉറപ്പു തരുന്നു.

ചരിത്രം എഴുതുന്നത് വിജയികളുടേയും മഹാന്മാരുടേയും കഥകളാണ്. അതിനിടയിൽ ചതഞ്ഞരഞ്ഞ സ്ത്രീ ജീവിതങ്ങൾ ആരും ഓർക്കാറില്ല.

യശോധരയും രാമായണത്തിലെ ഊർമ്മിളയും രാമനാൽ ഉപേക്ഷിക്കപ്പെട്ട സീതയും വിജയികളുടെ പ്രഭയിൽ വെറും നിഴലുകളായി ഭൂമിയിൽ പതിയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page