കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ പോക്‌സോ കേസിലെ റിമാന്റ് പ്രതി മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹത്തില്‍ നിന്നും എടുത്ത ‘വിസിറ’ രാസപരിശോധനയ്ക്ക് അയച്ചു. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണ കാരണം എന്താണെന്നു വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
വിദ്യാനഗര്‍ പൊലീസ് 2016ല്‍ രജിസ്റ്റര്‍ ചെയ്ത പോകോസോ കേസിലെ പ്രതിയായ ദേളി, കുന്നുപാറയിലെ മുബഷീര്‍ (29) ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മരണകാരണം എന്താണെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടില്ല. ദേഹത്ത് പരിക്കുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്നുമാണ് പോസ്റ്റ് മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് വിശദമായ രാസപരിശോധനയ്ക്കായി ‘വിസിറ’ അയച്ചതെന്നു അധികൃതര്‍ വ്യക്തമാക്കി.






