തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്ക് തിരിച്ചടി. ലൈംഗികാരോപണ വിവാദത്തിൽ പെൺകുട്ടി മുഖ്യമന്ത്രിക്ക് മുന്നിൽ എത്തി നേരിട്ട് പരാതി നൽകി. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പരാതിയുമായി എത്തിയത്. ഇനി ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തുടർ നീക്കങ്ങൾ നിർണായകമാണ്. പരാതി ഇല്ലെന്ന വാദം ഉന്നയിച്ചായിരുന്നു രാഹുൽ അനുകൂലികൾ ഇതുവരെ പ്രതിരോധം തീർത്തിരുന്നത്. പരാതി ലഭിച്ച സാഹചര്യത്തിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് സംഘം കടക്കാനാണ് സാധ്യത. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരമുള്ള ഒരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നായിരുന്നു രാഹുൽ ഇതിനോട് പ്രതികരിച്ചത്. ആദ്യത്തെ വെളിപ്പെടുത്തൽ വന്ന് ഏതാണ്ട് നൂറുദിവസം പിന്നിടുമ്പോഴാണ് ശബ്ദരേഖയും ചാറ്റും പുറത്തുവന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി രാഹുല്‍ സജീവമാകുന്നതിനിടെയാണ് ശബ്ദരേഖ പുറത്തുവരുന്നതും പിന്നാലെ യുവതി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുന്നതും.







