കാസര്‍കോട്: കാസര്‍കോട് സബ് ജയിലിലെ റിമാന്റ് പ്രതി മരിച്ചു. ദേളി, കുന്നുപാറയിലെ പരേതനായ അബ്ദുള്ളയുടെ മകന്‍ മുബഷീര്‍ (29) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെയാണ് മുബഷീറിനെ ജയില്‍ അധികൃതര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചതായി പറയുന്നു. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഗള്‍ഫിലായിരുന്ന മുബഷീര്‍ രണ്ടുമാസം മുമ്പാണ് നാട്ടില്‍ എത്തിയത്. മൂന്നാഴ്ച മുമ്പ് പോക്‌സോ കേസില്‍ വാറന്റ് ഉണ്ടെന്നു പറഞ്ഞാണ് പൊലീസ് അറസ്റ്റു ചെയ്തതെന്നു ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് കോടതി റിമാന്റ് ചെയ്ത് കാസര്‍കോട് സബ് ജയിലിലേയ്ക്ക് അയക്കുകയായിരുന്നു.
മരണത്തില്‍ സംശയം ഉണ്ടെന്നു കുടുംബം ആരോപിച്ചു. ചൊവ്വാഴ്ച മാതാവും രണ്ടുദിവസം മുമ്പ് ഗള്‍ഫില്‍ നിന്നു എത്തിയ അനുജനും സബ് ജയിലില്‍ എത്തി മുബഷീറിനെ കണ്ടിരുന്നുവെന്നും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി പറഞ്ഞിരുന്നില്ലെന്നും കുടുംബം പറഞ്ഞു. വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് കൂട്ടിച്ചേര്‍ത്തു. മുബഷീറിന്റെ മരണത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാതാവ്: ഹാജിറ. സഹോദരങ്ങള്‍: മുനവ്വര്‍, മുസംബില്‍, സല്‍മാന്‍.






