കാസര്‍കോട്: റെയില്‍വേ സ്‌റ്റേഷനില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ പൊലീസ് മഞ്ചേശ്വരത്തെ സ്‌നേഹാലയത്തിലെത്തിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് 30 കാരിയെ റെയില്‍വേ സ്‌റ്റേഷനില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കണ്ടത്. ട്രെയിന്‍ വിട്ടപ്പോള്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവതിയെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. താന്‍ കോട്ടയം സ്വദേശിനിയാണെന്നും ശില്‍പയാണ് പേരെന്നും യുവതി പൊലീസിനോട് പറഞ്ഞു. അതേസമയം എങ്ങനെയാണ് കാസര്‍കോട് എത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. മാനസീക അസ്വാസ്ഥ്യമുള്ള യുവതിയെ ഒറ്റയ്ക്ക് വിട്ടാല്‍ വല്ല അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് സ്‌നേഹാലത്തിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് റെയില്‍വേ പൊലീസ് എസ്‌ഐ എംവി പ്രകാശന്‍, എഎസ്‌ഐ മഹേഷ്, വനിതാ പൊലീസുകാരായ സുമി, ഹൈറുന്നീസ എന്നിവരുടെ നേതൃത്വത്തില്‍ യുവതിയെ മഞ്ചേശ്വരത്തെ സ്‌നേഹാലയത്തിലെത്തിച്ചു. ബന്ധുക്കള്‍ എത്തുന്നതുവരെ യുവതി അവിടെ കഴിയും.






