കാസര്‍കോട്: ഗുരുതരമായ പാര്‍ടി അച്ചടക്കലംഘനം നടത്തിയ ഡിസിസി മുന്‍ വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കലിനെ പാര്‍ടിയില്‍ നിന്ന് സസ്‌പെന്റു ചെയ്തതായി കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് എംഎല്‍എ അറിയിച്ചു. കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ജയിംസ് വാര്‍ത്താസമ്മേളനത്തിലൂടെ ഉന്നയിച്ചിരുന്നു. സ്ഥാനാര്‍ഥികളില്‍ നിന്ന് പണം പിരിച്ചതായും ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സീറ്റ് നിര്‍ണയത്തിലെ വിയോജിപ്പിനെ തുടര്‍ന്ന് ഡിസിസി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതായും ജയിംസ് അറിയിച്ചിരുന്നു. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ഡിഡിഎഫ് എന്ന സംഘടന രൂപീകരിച്ചിരുന്നു. ഈസ്റ്റ് എളേരി പഞ്ചായത്തില്‍ മൂന്നുതവണ ഈ സംഘടന അധികാരത്തിലേറിയിരുന്നു. കഴിഞ്ഞവര്‍ഷം നടന്ന സമവായ ചര്‍ച്ചയെതുടര്‍ന്ന് ജയിംസും പന്തമാക്കലും സംഘവും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു.







