പി പി ചെറിയാൻ
വാഷിംഗ്ടൺ ഡി.സി.: രാജ്യത്തെ ശാസ്ത്ര ഗവേഷണ ശേഷി വർദ്ധിപ്പിക്കുന്നതിനു നിർമ്മിത ബുദ്ധി (എ ഐ ) ഉപയോഗിക്കാൻ ശാസ്ത്ര ഏജൻസികൾക്ക് നിർദ്ദേശം നൽകിക്കൊണ്ടു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു . “ജെനസിസ് മിഷൻ” എന്ന് പേരിട്ടിരിക്കുന്ന പദ്ധതി തിങ്കളാഴ്ച ആരംഭിച്ചു.
ഊർജ്ജ വകുപ്പ് ഉൾപ്പെടെയുള്ള ശാസ്ത്ര ഏജൻസികളോട് എ ഐ സാങ്കേതികവിദ്യ വിപുലമായി ഉപയോഗിക്കാൻ ഉത്തരവ് നിർദ്ദേശിക്കുന്നു. ഔഷധങ്ങൾ, ഊർജ്ജ ഉത്പാദനം, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ കണ്ടെത്തലുകൾ വേഗത്തിലാക്കാൻ ഇത് സഹായകമാവുമെന്നു കരുതുന്നു.
വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളിസി മേധാവി മൈക്കിൾ ക്രാറ്റ്സിയോസ് ഇതിനെ “അപ്പോളോ പ്രോഗ്രാമിന് ശേഷം ഫെഡറൽ ശാസ്ത്ര വിഭവങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ഏറ്റവും വലിയ നീക്കം” എന്ന് വിശേഷിപ്പിച്ചു.
എ ഐ ഉപയോഗിച്ച് നൂതനമായ സിമുലേഷനുകൾ 10,000 മുതൽ 100,000 ഇരട്ടി വരെ വേഗത്തിലാക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.







