കാസര്‍കോട്: സഹോദരന്റെ സ്‌കൂട്ടറുമായി വീട്ടില്‍ നിന്നു പോയ യുവാവിനെ ആള്‍ താമസമില്ലാത്ത വീട്ടിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് നഗരത്തിനു സമീപത്തെ കൊറക്കോട്, നാഗരകട്ട, ശാരദാംബ ഭജനമന്ദിരത്തിനു സമീപത്തെ രമാനന്ദയുടെ മകന്‍ പ്രസാദി(34)ന്റെ മൃതദേഹമാണ് കൊറക്കോട്‌വയലിനു സമീപത്തെ കിണറ്റില്‍ കാണപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ സഹോദരന്റെ സ്‌കൂട്ടറുമായാണ് പ്രസാദ് വീട്ടില്‍ നിന്നു ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷിക്കുന്നതിനിടയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് സ്‌കൂ്ട്ടര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. പിന്നാലെ കിണറ്റിനു സമീപത്ത് പ്രസാദിന്റെ ചെരുപ്പുകളും കണ്ടെത്തി. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി കിണറ്റില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. കാസര്‍കോട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കാര്‍പെന്റര്‍ ജോലി ചെയ്തുവരികയായിരുന്നു പ്രസാദ്. മാതാവ്: ആശ. സഹോദരങ്ങള്‍: വിനയരാജ്, നിഥിന്‍.






