മുംബൈ: തൊണ്ണൂറാം പിറന്നാളിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര അന്തരിച്ചു. ആറ് പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര പാരമ്പര്യം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ വിയോഗം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം ആദ്യം അദ്ദേഹത്തെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ വ്യാജ മരണവാര്‍ത്ത പ്രചരിച്ച വേളയില്‍ കുടുംബം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ആറ് പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച ധര്‍മേന്ദ്ര മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2009 ല്‍ രാജസ്ഥാനില്‍ നിന്ന് ലോക്‌സഭാംഗമായി. പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തില്‍ 1935 ഡിസംബര്‍ 8 നാണ് ധര്‍മേന്ദ്രയുടെ ജനനം. ലുധിയാനയിലെ ഗവണ്‍മെന്റ് സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. 1952ല്‍ ഫഗ്വാരയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി.
1960 ല്‍ പുറത്തിറങ്ങിയ ‘ദില്‍ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 60 കളിലും 70 കളിലും 80 കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഹഖീഖത്ത്, ഫൂല്‍ ഔര്‍ പത്തര്‍, മേരാ ഗാവ് മേരാ ദേശ്, സീത ഔര്‍ ഗീത, ചുപ്കെ ചുപ്കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തന്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധര്‍മേന്ദ്ര ബിഗ് സ്‌ക്രീനുകള്‍ ഭരിച്ചു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരനും വാണിജ്യപരമായി വിജയവും സ്വന്തമാക്കിയ ചലച്ചിത്ര താരങ്ങളില്‍ ഒരാളായി ധര്‍മ്മേന്ദ്ര മാറി. ഹിന്ദി സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡും ധര്‍മ്മേന്ദ്രയുടെ പേരിലാണ്. 1973 ല്‍ അദ്ദേഹം എട്ട് ഹിറ്റുകളും 1987ല്‍ തുടര്‍ച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നല്‍കി. ഇത് ഹിന്ദി സിനിമാ ചരിത്രത്തില്‍ എക്കാലത്തേയും റെക്കോര്‍ഡാണ്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ പ്രധാന വേഷത്തില്‍ എത്തുന്ന ഇക്കിസയിലാണ് ധര്‍മേന്ദ്ര ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ചിത്രം ഡിസംബര്‍ 25-ന് റിലീസ് ചെയ്യും. 1954 ല്‍ ആയിരുന്നു ആദ്യ ഭാര്യയായ പ്രകാശ് കൗറുമായുള്ള വിവാഹം. പിന്നീട് നടി ഹേമമാലിനിയെ വിവാഹം കഴിച്ചു. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ എന്നിവരാണ് മക്കള്‍.







