കാസര്‍കോട്: വൊര്‍ക്കാടി, ബട്ടിയടുക്കയിലെ ബി. ഗണേശ (35)യെ അയല്‍പ്പക്കത്തെ പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ക്രീറ്റ് തൊഴിലാളിയാണ്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ നോക്കിയപ്പോള്‍ കിടക്കയില്‍ കണ്ടില്ല. ജോലിക്കു പോയതായിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നതെന്നു പറയുന്നു. പിറ്റേന്നു രാവിലെ ആയിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ 10 മണിയോടെ അയല്‍വാസിയായ മുഹമ്മദ് എന്നയാളുടെ പുരയിടത്തിലെ ആള്‍മറയില്ലാത്ത കിണറിനു സമീപത്ത് ചെരുപ്പു കണ്ടെത്തിയത്. സംശയം തോന്നി കിണറില്‍ നോക്കിയപ്പോഴാണ് ഗണേശയെ കിണറില്‍ ബോധരഹിതനായി കിടക്കുന്നത് കണ്ടതെന്നു പറയുന്നു. ഉടന്‍ പുറത്തെടുത്ത് മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ പരിശോധിച്ച് മരണം സംഭവിച്ചതായി അറിയിച്ചു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പരേതരായ പൂവപ്പ ബെല്‍ച്ചാട-വേദാവതി ദമ്പതികളുടെ മകനാണ് ബി. ഗണേശ. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഗിരിധരന്‍, സുപ്രിത.







