കാസര്‍കോട്: മഞ്ചേശ്വരം, ബായാര്‍, കൊജപ്പ ജംഗ്ഷനു സമീപത്ത് ഇലക്ട്രിക്കല്‍ സൈക്കിള്‍ നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. ബായാര്‍, കൊജപ്പയിലെ ഇബ്രാഹിം (66)ആണ് മരിച്ചത്. മംഗ്‌ളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെയായിരുന്നു അപകടം. മകളുടെ ഭര്‍ത്താവ് ഓടിച്ചിരുന്ന ഇലക്ട്രിക് സൈക്കിളിന്റെ പിന്‍സീറ്റ് യാത്രക്കാരനായിരുന്നു ഇബ്രാഹിം. കൊജെപ്പ ജംഗ്ഷനു സമീപത്തു വച്ച് സൈക്കിള്‍ നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമെന്നു പറയുന്നു. സാരമായി പരിക്കേറ്റ ഇബ്രാഹിമിനു ഉപ്പളയിലെ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം മംഗ്‌ളൂരുവിലേക്കു മാറ്റിയെങ്കിലും ഉച്ചക്ക് 1.30 മണിയോടെ മരണം സംഭവിച്ചതായി പൊലീസ് അറിയിച്ചു. ഭാര്യ: നബീസ. മക്കള്‍: അബൂബക്കര്‍ സിദ്ദിഖ്, ഉമ്മര്‍ ഫാറൂഖ്, മുഹമ്മദ് അഷ്‌റഫ്, റഹ്‌മത്ത് ബീവി, റംലത്ത് ബീവി. മരുമക്കള്‍: നജീമ, ഉസ്മാന്‍.







