ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കൾക്ക് വധശിക്ഷ: ട്രംപിന്റെ പ്രസ്താവനക്കെതിരെ വിവാദം; പ്രതിഷേധം

പി പി ചെറിയാൻ

വാഷിംഗ്ടൺ ഡി.സി:നിയമവിരുദ്ധമായ ഉത്തരവുകൾ നിരസിക്കാൻ സൈനിക, ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിച്ച ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കൾക്ക് വധശിക്ഷ നൽകണമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ സോഷ്യൽ മീഡിയ പ്രസ്താവന വൻ വിവാദമാകുന്നു. ട്രംപിന്റെ കടുത്ത പിന്തുണക്കാരുൾപ്പെടെ ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നു.

ആറ് ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കൾ “രാജ്യദ്രോഹപരമായ” പെരുമാറ്റം നടത്തിയെന്നും, അത് വധശിക്ഷയ്ക്ക് അർഹമാണെന്നും ട്രംപ് നടത്തിയ ആരോപണമാണ് വിവാദമായത് . ഭരണഘടനാ വിരുദ്ധമായ നിർദ്ദേശങ്ങൾ അനുസരിക്കരുതെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്ന വീഡിയോയാണ് നിയമനിർമ്മാതാക്കൾ പുറത്തുവിട്ടത്. ഇവരെല്ലാം സൈനിക-ദേശീയ സുരക്ഷാ സേവനങ്ങളിലെ മുൻ സൈനികരാണ്. ട്രംപിൻ്റെ അഭിപ്രായപ്രകടനം അപകടകരമായ ഒരു ശൈലിയുടെ ഭാഗമാണെന്നു വാഷിംഗ്ടൺ ഡെമോക്രാറ്റ് പ്രമീള ജയപാൽ ഉടൻ പ്രതികരിച്ചു. ഇത് നിയമനിർമ്മാതാക്കൾക്ക് ഭീഷണിയുയർത്തുന്നു- അവർ പറഞ്ഞു.

ട്രംപിൻ്റെ പരാമർശങ്ങൾ “മാനസികനില തെറ്റിയതിന്” തുല്യമാണെന്നും അക്രമപരമായ പ്രസംഗത്തിനെതിരെ നിലകൊള്ളുന്നു എന്ന ട്രംപ് അനുകൂലികളുടെ വാദങ്ങൾ താൻ വിശ്വസിക്കുന്നില്ലെന്നും മിഷിഗൺ ഡെമോക്രാറ്റ് താനേദാർ അഭിപ്രായപ്പെട്ടു.
“രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്യാനും വധശിക്ഷയ്ക്ക് വിധിക്കാനും പ്രസിഡന്റ് ആവശ്യപ്പെടുകയാണെന്നു ഇല്ലിനോയിസ് ഡെമോക്രാറ്റ് രാജ കൃഷ്ണമൂർത്തിപറഞ്ഞു. ഇത് പൂർണ്ണമായും സ്വേച്ഛാധിപത്യപരമായ സംസാരമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിൻ്റെ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാം ഉൾപ്പെടെ ചില റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപിൻ്റെ പരാമർശങ്ങൾ അതിരുകടന്നതാണെന്ന് തുറന്നു പറഞ്ഞു. നിയമവിരുദ്ധമായ ഉത്തരവുകൾ നിരസിക്കുന്നത് നിയമപരമായ ആവശ്യമാണെന്നും, ട്രംപിന്റെ വാദങ്ങൾ നിയമത്തിന് നിരക്കുന്നതല്ലെന്നും കൺസർവേറ്റീവ് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടി .

തങ്ങൾ ഭീഷണിയിൽ ഭയപ്പെടില്ലെന്നും, തങ്ങളുടെ സത്യപ്രതിജ്ഞ ഏതെങ്കിലും ഒരു നേതാവിനോടല്ല, മറിച്ച് ഭരണഘടനയോടാണെന്നും ആക്രമണത്തിന് ഇരയായ ആറ് നിയമനിർമ്മാതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page