കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെരിയ, കല്യോട്ട് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ കള്ളത്തോക്ക് കണ്ടെത്തി. ഹൊസ്ദുര്‍ഗ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നാടന്‍ ചാരായം കണ്ടെത്തുന്നതിനു നടത്തിയ പരിശോധനക്കിടയിലാണ് തോക്ക് കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ബേക്കല്‍ എസ്‌ഐ. ടി. അഖിലും സംഘവും തോക്ക് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. പെരിയ-ഉദയപുരം റോഡിലെ കല്യോട്ടുള്ള ഇറിഗേഷന്‍ വകുപ്പിന്റെ റെയിന്‍ഗേജ് സ്റ്റേഷന്റെ വടക്കു ഭാഗത്തുള്ള കുറ്റിക്കാട്ടിലാണ് വ്യാഴാഴ്ച വൈകിട്ട് തോക്ക് കണ്ടെത്തിയത്. രണ്ടു കഷ്ണങ്ങളാക്കി സൂക്ഷിച്ച നിലയിലായിരുന്നു തോക്ക്. 82 സെന്റീമീറ്റര്‍ നീളമുണ്ട്. തോക്ക് കണ്ടെടുത്ത സ്ഥലത്ത് നാടന്‍ ചാരായം സൂക്ഷിച്ചിട്ടുള്ളതായ രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത്. തോക്ക് കസ്റ്റഡിയിലെടുത്ത് ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. നായാട്ടിനോ മറ്റോ വേണ്ടിയായിരിക്കും തോക്ക് സൂക്ഷിച്ചിരുന്നതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.







